സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന കണക്കുകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍
അഡ്മിൻ
കേരളത്തില്‍ എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നല്‍കാത്തത് കൊണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് കിനാലൂരില്‍ 250 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാര്‍ത്ഥ പ്രശ്നം എന്നും സൂചനയുണ്ട്.
ദില്ലിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മാതൃകയില്‍ നൂതന ചികിത്സയും മെഡിക്കല്‍ വിദ്യാഭ്യാസവും ഉറപ്പാക്കുന്ന എയിംസ് ആശുപത്രി കേരളത്തിലും സ്ഥാപിക്കണമെന്ന് ആവശ്യവും ഇതു സംബന്ധിച്ച ചര്‍ച്ചകളും തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നേരത്തെ പല ജില്ലകളും എയിംസ് സ്ഥാപിക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ ഇടം പിടിച്ചെങ്കിലും അവസാന പട്ടികയില്‍ വന്നത് കോഴിക്കോട്ടെ കിനാലൂര്‍ ഉള്‍പ്പെടെയുള്ള നാല് കേന്ദ്രങ്ങള്‍ ആയിരുന്നു.
ഒടുവില്‍, ഭൂമിയുടെ ലഭ്യതയും മറ്റു ഘടകങ്ങളും പരിഗണിച്ച് കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതാകും ഉചിതം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. കിനാലൂരില്‍ കെഎസ്ഐഡി സിയുടെ പക്കലുള്ള 150 ഏക്കര്‍ ഭൂമി ആരോഗ്യവകുപ്പിനെ കൈമാറാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
ഇതിനുപുറമേ സ്വകാര്യ വ്യക്തികളില്‍ നിന്ന് 100 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളും പൂര്‍ത്തിയായി കഴിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെ നില്‍ക്കുകയാണ് കേന്ദ്ര ബജറ്റിന് പിന്നാലെ ഭൂമി ഏറ്റെടുക്കല്‍ കാര്യത്തില്‍ കേരളം വീഴ്ചവരുത്തി എന്ന നിലയിലുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന.