പരാതിക്കാരിയായ കന്യാസ്ത്രീയെ വ്യക്തിഹത്യ നടത്തി പി സി ജോര്‍ജ്ജ്

കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരേ പരാതിനല്‍കിയ കന്യാസ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച് പി സി ജോര്‍ജ് എം എല്‍ എ ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിന് പിന്നില്‍ ഗൂഡാലോചനയെന്ന് സൂചന. പരാതിനല്‍കിയ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണാനിരുന്നതായിരുന്നു. അത് ഒഴിവാക്കാനായി ആരോപണ വിധേയനായ ബിഷപ്പിനെ രക്ഷിക്കാനായി ക്വട്ടേഷനെടുത്ത ഗൂഡസംഘം പി സി ജോര്‍ജ്ജിനെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സൂചനകള്‍.

കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീയെ മോശം പദങ്ങള്‍ ഉപയോഗിച്ചാണ് പി സി ജോര്‍ജ്ജ് വിമര്‍ശിച്ചത്. ബിഷപ്പ് വൃത്തികേട് കാണിച്ചതായി കരുതുന്നില്ലെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ''പന്ത്രണ്ട് തവണ.....(എഴുതാന്‍ പറ്റാത്ത ഭാഗം) പതിമൂന്നാം പ്രാവശ്യമായപ്പോള്‍ ബലാത്സംഗമെന്ന് പരാതി. പീഡനത്തിന് വിധേയയായിട്ടുണ്ടെങ്കില്‍ കന്യാസ്ത്രീ എന്തുകൊണ്ട് ആദ്യംതന്നെ പരാതി കൊടുത്തില്ല. ... കന്യാസ്ത്രീകള്‍ എല്ലാവരും അത്തരക്കാരല്ല. ആയിരത്തില്‍ ഒന്നോരണ്ടോ പേര്‍ അങ്ങനെയുണ്ടാകാം. വൃത്തികേട് കാണിച്ചിട്ടുണ്ടെങ്കില്‍ ബിഷപ്പിനെ പിടിച്ച് അകത്തിടണം. ബിഷപ്പ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. നേരിട്ട് കണ്ടാലേ എനിക്ക് ബോധ്യമാകൂ. കന്യാസ്ത്രീ എന്ന വാക്കിന് അര്‍ഥം കന്യകാത്വം നഷ്ടമാകാത്ത സ്ത്രീ എന്നാണ്. ... ഈ വിഷയം പഠിച്ചപ്പോള്‍ കന്യാസ്ത്രീ ആണ് കുഴപ്പക്കാരിയെന്നാണ് മനസ്സിലായത്. പരാതിക്കാരിയുടെ മൊഴിയില്‍ പൊരുളില്ലെന്ന് ബോധ്യമായതിനാലാണ് പോലീസ് നടപടി വൈകുന്നത്. ബിഷപ്പിനെതിരേ ആരോപണമുന്നയിച്ച കന്യാസ്ത്രീകളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. പദവിയില്‍ തുടരാന്‍ ബിഷപ്പും അര്‍ഹനല്ല. സ്ത്രീസുരക്ഷാ നിയമം ദുരുപയോഗിക്കുന്നത് തെറ്റാണ്.'' പരാതിക്കാരിയായ കന്യാസ്ത്രീയെ വ്യക്തിഹത്യ ചെയ്തുകൊണ്ട് പി സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങളെ മാധ്യമപ്രവര്‍ത്തകരാരും ചോദ്യം ചെയ്തില്ലെന്നതും പ്രസക്തമായി. അതോടെ ഞായറാഴ്ച പത്രസമ്മേളനം നടത്തുമ്പോള്‍ ജോര്‍ജ്ജിന്റെ ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് അപമാനിതയാക്കും എന്ന് മനസിലാക്കിയ കന്യാസ്ത്രീ പത്രസമ്മേളനത്തില്‍ നിന്നും പിന്‍മാറുന്നതായി അടുത്ത വൃത്തങ്ങളോട് അറിയിച്ചു. എന്നാല്‍, പത്രസമ്മേളനം നടത്താനായി കന്യാസ്ത്രീയോട്അടുപ്പമുള്ളവര്‍ നിര്‍ബന്ധിക്കുന്നുണ്ട്.

കന്യാസ്ത്രീക്കെതിരെ സഭ്യമല്ലാത്ത പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ കുടുംബം പരാതി നല്‍കും. നിയമസഭാ സ്പീക്കര്‍ക്കും, പോലീസിനും, വനിതാ കമ്മീഷനുമാണ് പരാതി നല്‍കുക. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആരോപണമുയര്‍ത്തിയ കന്യാസ്ത്രീകളുടെ ഒപ്പമുള്ള അഞ്ച് പേരും പ്രത്യക്ഷ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പോലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസം കുറഞ്ഞു. സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കേടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നും ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീകള്‍ കൂട്ടിചേര്‍ത്തു.

 

09-Sep-2018