വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്. ഓഗസ്റ്റ് 11 ന് റാന്നി സെന്റ് തോമസ് കോളേജില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. സര്‍ക്കാരിന് കീഴിലെ നോളജ് ഇക്കണോമി മിഷനാണ്, സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്.

മൈഗ്രേഷന്‍ കോണ്‍ക്ലേവില്‍ തുടങ്ങി ജോബ് സ്റ്റേഷനുകള്‍ വരെ. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് മുന്‍കൈ എടുത്ത് പത്തനംതിട്ടയില്‍ മാത്രം തുടങ്ങിയ തൊഴില്‍ദാന പദ്ധതി ഏറെ ചര്‍ച്ചയായിരുന്നു. ഇലക്ഷന്‍ തട്ടിപ്പെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും പദ്ധതി തുടരുകയാണ് ഐസക്കും കൂട്ടരും. ഒരുവര്‍ഷത്തിനുള്ളില്‍ അയ്യായിരം യുവാക്കള്‍ക്ക് തൊഴില്‍നല്‍കുക ലക്ഷ്യം.

ഇതുവരെ 666 പേര്‍ക്ക് വിജ്ഞാന പത്തനംതിട്ട വഴി തൊഴില്‍നല്‍കിയെന്ന് സംഘാടകര്‍ പറഞ്ഞു. ഓഗസ്റ്റ് 11 ന് റാന്നിയില്‍ നടക്കുന്ന മെഗാ തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ നോളജ് മിഷന്റെ  പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്തായാലും തൊഴില്‍ദാന പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ടുപോകുമ്പോള്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുമാണോ എന്ന രാഷ്ട്രീയ ചര്‍ച്ചയും സജീവമാകുന്നു.

25-Jul-2024