എൻഡോസൾഫാൻ പുനരധിവാസം: പരപ്പ വില്ലേജിലെ വീടുകൾക്കായി അഞ്ചേക്കർ കൈമാറി: മന്ത്രി ഡോ. ബിന്ദു
അഡ്മിൻ
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യമായി വീടും സ്ഥലവും നൽകുന്ന 'സാഫല്യം' പദ്ധതിയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജിലെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്പെഷ്യൽ സർവേ സംഘം അളന്നു തിട്ടപ്പെടുത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്ഥലത്തിന്റെ ഐ സ്‌കെച്ച് കാസർഗോഡ് നടന്ന ചടങ്ങിൽ സത്യസായ് ഓർഫനേജ് ട്രസ്റ്റ് അധികൃതർക്ക് മന്ത്രി കൈമാറി.
ഹോസ്ദുർഗ് താലൂക്കിലെ പുല്ലൂർ വില്ലേജിലും മഞ്ചേശ്വരം താലൂക്കിലെ എൻമകജെ വില്ലേജിലും വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പയിലും 36 വീടുകൾ വീതം നിർമ്മിക്കാൻ സത്യസായ് ഓർഫനേജ് ട്രസ്റ്റുമായി കാസറഗോഡ് ജില്ലാ കളക്ടർ സർക്കാരിനുവേണ്ടി കരാറിൽ ഒപ്പിട്ടിരുന്നു. തുടർന്ന് വീടുകൾ നിർമ്മിക്കാൻ ഭൂമിയുടെ ഉപയോഗാനുമതി സായ് ട്രസ്റ്റിനു നൽകാൻ 2016ൽ സർക്കാർ ഉത്തരവായിരുന്നു.
ഇതിൽ ഹോസ്ദുർഗ് താലൂക്കിലെ പുല്ലൂർ വില്ലേജിലെ വീടുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് 2022 ഏപ്രിൽ, ജൂൺ മാസങ്ങളിലായി കൈമാറി. മഞ്ചേശ്വരം താലൂക്കിലെ എൻമകജെ വില്ലേജിലെ 36 വീടുകളും അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് നൽകിയിരുന്നു.
പരപ്പ വില്ലേജിൽ അഞ്ചേക്കർ ഭൂമിയിലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സായ് ട്രസ്റ്റ് വീട് നിർമ്മിച്ചു നൽകുക. 36 വീടുകളാണ് ഇവിടെ ഉയരുക. സ്ഥലം അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാൻ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് സ്പെഷ്യൽ സർവേ സംഘം ഭൂമി അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തിന്റെ ഐ സ്‌കെച്ച് തയ്യാറാക്കിയത്. സായ് ട്രസ്റ്റുമായി തുടർ കരാർ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ജില്ലാ കലക്ടർക്കും വീട് നിർമ്മാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കാൻ സായ് ട്രസ്റ്റ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.