24 ലക്ഷം പേര്‍ ഓണ്‍ലൈന്‍ വഴി കൈത്താങ്ങായി

തിരുവനന്തപുരം : സംസ്ഥാനത്തെ മുക്കിയ പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധന സമാഹരണ യജ്ഞത്തില്‍ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് ആഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെയാണ് വിവരങ്ങള്‍ പങ്കുവച്ചത്. പ്രകൃതിക്ഷോഭത്തില്‍ വലിയനഷ്ടങ്ങള്‍ വന്ന ജനങ്ങള്‍ക്ക് ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സമാശ്വാസ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. സാമൂഹികമായി ഉണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ നികത്തി ഒരു നവകേരളം പുനര്‍നിര്‍മ്മിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നമുക്ക് മുമ്പിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള 24 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കുന്നതിനോട് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പൊതുവെ അനുകൂലമായ നിലപാടാണ് ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സെപ്തംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധന സമാഹരണ യജ്ഞത്തില്‍ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളില്‍ ധനസമാഹരണത്തിന് നേതൃത്വം കൊടുക്കുകയാണ്. ഈ മഹായജ്ഞത്തില്‍ മുഴുവന്‍ പേരും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സംഭാവന നല്‍കണം. സംസ്ഥാനത്തെ ഉലച്ച പ്രകൃതിക്ഷോഭത്തില്‍ ജനങ്ങള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സമാശ്വാസ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. സാമൂഹികമായി ഉണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ നികത്തി ഒരു നവകേരളം പുനര്‍നിര്‍മ്മിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നമുക്ക് മുമ്പിലുള്ളത്. ദീര്‍ഘവീക്ഷണത്തോടെയും ആസൂത്രിതമായും നീങ്ങേണ്ട സമയം കൂടിയാണിത്.

30,000 കോടിയിലേറെ നഷ്ടമാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ പുനര്‍നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവരുടെയും സഹായവും സഹകരണവും ഉറപ്പാക്കേണ്ടതുണ്ട്. ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കുന്നതിനോട് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പൊതുവെ അനുകൂലമായ നിലപാടാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ സമൂഹത്തില്‍ ഉയര്‍ന്ന തലത്തില്‍ സേവനങ്ങള്‍ നല്‍കുന്ന പ്രൊഫഷണലുകള്‍, വ്യാപാരികള്‍, വ്യവസായികള്‍, വാഹന ഉടമകള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും കേരള പുനര്‍നിര്‍മ്മിതിയില്‍ കാര്യമായ പങ്ക് വഹിക്കാനാവും. സമ്പാദ്യക്കുടുക്കയിലെ നാണയത്തുട്ടുകള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാരുടെ സംഭാവന വരെ ഇതിനകം ലഭിച്ചിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങള്‍ ഒഴിവാക്കി അതിനുവേണ്ടി ചിലവഴിക്കാന്‍ കരുതിയ പണം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയാണ്. സ്വര്‍ണ്ണാഭരണങ്ങളും വസ്തുക്കളും സംഭാവന നല്‍കിയവരുമുണ്ട്. സമാനതകളില്ലാത്ത പ്രതികരണമാണ് ജനങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള 24 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

പുനര്‍നിര്‍മ്മാണത്തിന് കേരളീയ സമൂഹത്തിന്റെ പൂര്‍ണ്ണമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള വിപുലമായ ധനസമാഹരണയജ്ഞത്തില്‍ എല്ലാവരും ഒറ്റമനസ്സോടെ പങ്കാളികളാവണം.

09-Sep-2018