മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗിക തുടക്കം. ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് കായിക ലോകം ഇന്ന് കണ്ണ് തുറയ്ക്കും. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റടക്കം നദിയിലൂടെയാവും നടക്കുക എന്ന കൗതുകവും ഇത്തവണയുണ്ട്.
ദീപം തെളിച്ച ശേഷം ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇവിടെ തന്നെ നടക്കും. ലോക കായിക മാമാങ്കത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിൻ്റെ സസ്പെൻസ് ഇപ്പോഴും തുടരുകയാണ്. ഇതിഹാസ ഫുട്ബോളർ സിനദിൻ സിദാനടക്കമുള്ള പേരുകളാണ് ദീപം തെളിയിക്കുന്നവരുടെ പട്ടികയായി പ്രചരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിലെ കലാവിരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളും സംഘാടകർ സസ്പെൻസാക്കി വെച്ചിരിക്കുകയാണ്. അഞ്ചാം തവണ ഒളിമ്പിക്സിനെത്തിയ ടേബിൾ ടെന്നിസ് താരം അജന്ത ശരത് കമലും രണ്ടുവട്ടം മെഡൽ നേടിയ ബാഡ്മിന്റൺ താരം പി വി സിന്ധുവുമാണ് 117 അംഗ ഇന്ത്യൻ സംഘത്തിന്റെ പതാകയേന്തുക.