മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക്

ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും.സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നത്. അർജുന് വേണ്ടിയുള്ള തെരച്ചിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു . മേജര്‍ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ട് പ്രാകരം മൂന്നിടങ്ങളില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ നിന്നും കൂടുതല്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്ന സിഗ്‌നല്‍ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലുള്ളത്. എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ശക്തമാണ്.

നിലവില്‍ അടിയൊഴുക്ക് ആറ് നോട്ട്‌സ് വരെയാണ്. മേജര്‍ ഇന്ദ്രബാലന്‍ പറഞ്ഞതനുസരിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്ട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം.

26-Jul-2024