അർജുനെ തിരയാൻ പ്രത്യേക ടീം, പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും സംഘത്തിൽ
അഡ്മിൻ
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തിരയാൻ പ്രത്യേക സംഘമെത്തി. പ്രാദേശികമായി പുഴയിൽ ഇറങ്ങി പരിചയമുള്ള 'ഈശ്വർ മാൽപെ' സംഘമാണ് എത്തിയത്. ഉഡുപ്പി മാൽപ്പെയിൽനിന്നാണ് സംഘത്തിലെത്തിയത്.
ശക്തമായ അടിയൊഴുക്കിലും പുഴയുടെ ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയ സമ്പത്തും ഇക്കൂട്ടർക്കുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളും സംഘത്തിനൊപ്പം ചേരും. സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗിച്ച് എത്രയും പെട്ടെന്ന് അർജുൻ രക്ഷാദൗത്യം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും രക്ഷാദൗത്യത്തിന് വെല്ലുവിളി. തുടർന്നാണ് പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘത്തെ എത്തിക്കാൻ തീരുമാനിച്ചത്. ഇവർ പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്തും.
അതേസമയം, റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുന്നുണ്ട്. പുഴയിലെ പരിശോധനയും മണ്ണ് നീക്കിയുള്ള തിരച്ചിലും ദൗത്യസംഘം തുടരുന്നുണ്ട്. പുഴയിൽ അടിയൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാവികസേന പുതിയ സംവിധാനത്തിന് ഒരുങ്ങിയിരുന്നു. സിഗ്‌നല്‍ കണ്ടെത്തിയ സ്ഥലത്ത് അടിയൊഴുക്ക് പ്രതിരോധിക്കാന്‍ പോന്റൂണ്‍ സ്ഥാപിക്കും. അവിടെ നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഇറങ്ങും.
അര്‍ജുന്‍ ലോറിക്കകത്തുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക. ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും രണ്ടുദിവസമായി നാവികസേനയ്ക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് തിരച്ചില്‍ നീണ്ടുപോവാതിരിക്കാന്‍ ഇങ്ങനെയൊരു സംവിധാനം പരീക്ഷിക്കുന്നത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പൊന്റൂൺ ഷിരൂരിലേക്ക് എത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.