ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന്
അഡ്മിൻ
തിരുവനന്തപുരം : ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കാന് സാധ്യത. പഴുതുകളടച്ചുള്ള അന്വേഷണവും തെളിവും ആവശ്യമാകയാല്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ക്രൈംബ്രാഞ്ചിനു കേസ് കൈമാറുകയാണ് ഉചിതമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പൊലീസ് മേധാവിയെ അറിയിച്ചു.
ബിഷപ്പിനെതിരായ പീഡനക്കേസില്‍ പോലീസ് വലിയ സമ്മര്‍ദ്ദത്തിലാണുള്ളത്. ഈ കേസ് അന്വേഷണത്തിനായി വിടുമ്പോള്‍ മുഖ്യമന്ത്രി അന്വേഷക സംഘത്തോട് പറഞ്ഞത് യാതൊരുവിധ ഇടപെടലും ഉണ്ടാവില്ല, നേരായ വഴിക്ക് അന്വേഷണം നടത്തണമെന്നാണ്. തെളിവുകള്‍ കൃത്യമായി ശേഖരിക്കണമെന്നും ആരും കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാവരുതെന്നും അന്വേഷക സംഘത്തോട് പറഞ്ഞിരുന്നു. അതിനാലാണ് അതീവ ജാഗ്രതയോടെ പോലീസ് മുന്നോട്ടുപോകുന്നത്. ചില മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ബിഷപ്പിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ വിന്യസിക്കുന്നത് പോലീസ് എടുത്തുചാടി മുന്നോട്ടുപോകാന്‍ വേണ്ടിയാണ്. അത്തരം പ്രകോപനങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് പോലീസ് മേധാവിയും അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെളിവുകളില്‍ അവ്യക്തത ഉള്ളതിനാലാണ് സംസ്ഥാനത്തിനു പുറത്ത് അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം എടുക്കുന്നത്. അന്വേഷണത്തിന്റെ അടുത്ത നടപടി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും.
പീഡിപ്പിക്കപ്പെട്ടതായി സഭയുടെ വിവിധ തലങ്ങളില്‍ നല്കിയ പരാതികളില്‍ കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നു സാക്ഷികള്‍ പൊലീസിനു മൊഴിനല്‍കിയിരുന്നു. എന്നാല്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെ വൈദികനോട് ഇക്കാര്യം കന്യാസ്ത്രീ പറഞ്ഞിരുന്നു. പൊലീസിലും സഭയിലും പരാതി നല്കാന് ഈ വൈദികന് കന്യാസ്ത്രീയെ ഉപദേശിച്ചിരുന്നു. ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികളില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നാണ് ബിഷപ് പൊലീസിന് ആദ്യഘട്ടത്തില്‍ മൊഴിനല്‍കിയിരുന്നത്. എന്നാല്‍, കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ മാമോദീസ ചടങ്ങില്‍ ബിഷപ് പങ്കെടുത്തതിന്റെ ഫോട്ടോകള്‍ കാണിച്ച് പോലീസ് ചോദ്യം തുടര്‍ന്നപ്പോള്‍ ബിഷപ്പിന് ഉത്തരംമുട്ടുകയായിരുന്നു. പരാതിയില്‍ പറയുന്ന ദിവസം മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്നിലെ അതിഥിമന്ദിരത്തിലല്ല, തൊടുപുഴയിലെ കോണ്‍വന്റിലാണു താമസിച്ചതെന്ന ബിഷപ്പിന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബിഷപ്പിന്റെ അറസ്റ്റിന് വിഘാതമാവുന്ന ഒരു നിര്‍ദേശവും സര്‍ക്കാരിന്റെയോ, മുഖ്യമന്ത്രിയുടെയോ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നുള്ള ഉറപ്പ് പോലീസിന് ഉള്ളതിനാലാണ് കൂടുതല്‍ സമയമെടുത്ത് വീഴ്ചകളൊന്നും വരുത്താതെ പോലീസ് മുന്നോട്ടുപോകുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത് ഇതിനാലാണെങ്കിലും ലോക്കല്‍ പോലീസിന് ജോലിഭാരം കൂടുതലുള്ളതുകൊണ്ടാണെന്നാണ് വിദശീകരണം നല്‍കുന്നത്.
09-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ