കെ മുരളീധരൻ ഖേദപ്രകടനം നടത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ്
അഡ്മിൻ
കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ മാനവീയം വിരുദ്ധ പ്രസ്താവനയ്ക്കതിരെ മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് രംഗത്ത്. മുരളീധരന്റെ അധിക്ഷേപം കലാകര ആസ്വാദക സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് പ്രതികരിച്ചു. വെറുപ്പും വിദ്വേഷവും സ്ഥാപനവത്ക്കരിച്ച് പൊതുഇടങ്ങളെ ശിഥിലീകരിക്കുന്നതിനുള്ള വലതുപക്ഷ അജണ്ടയുടെ അവസാനത്തെ ഉദാഹരണമാണിതെന്നും അവർ തുറന്നടിച്ചു.
പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് അറിയിച്ചിട്ടുണ്ട്. രാത്രിയിൽ ഇൻഡോറിൽ നടക്കേണ്ട കാര്യങ്ങൾ ഔട്ട്‌ഡോറിൽ നടക്കാനുള്ള സംവിധാനമാണ് മാനവീയത്തിലുള്ളതെന്നും മറ്റ് പല ഏർപ്പാടുകൾക്കുമുള്ള സൗകര്യം മാനവീയം വീഥിയിൽ ഒരുക്കിയിട്ടുണ്ടെന്നുമാണ് തിരുവനന്തപുരത്തു നടന്ന കോൺഗ്രസ് യൂത്ത് കോൺഗ്രസ് പരിപാടിയിലാണ് കെ മുരളിധരൻ പറഞ്ഞത്.
കപട സദാചാരത്തിന്റെയും അനൈതികങ്ങളായ ഫ്യൂഡൽ മൂല്യങ്ങളുടേയും ആകെത്തുകയായ കെ മുരളിധരന്റെ മാനവീയം വിരുദ്ധ ജൽപ്പനങ്ങളെ മാനവീയം വീഥിയെ ആശയാവിഷ്‌ക്കാരങ്ങൾക്കുള്ള വേദിയാക്കുന്ന ആയിരക്കണക്കിന് കലാകാരരും ആസ്വാദകരും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. സ്ത്രീകൾ, കുട്ടികൾ,വയോജനങ്ങൾ, യുവജനങ്ങൾ, കൗമാരക്കാർ, ഭിന്നശേഷിതർ, ട്രാൻസ് ജെന്റർ വ്യക്തികൾ, തൊഴിലാളികൾ എന്നിവരടക്കം പ്രതിദിനം നൂറുകണക്കിന് സർഗ്ഗധനരാണ് മാനവീയം വീഥിയിലൂടെ കലാ സാംസ്‌കാരിക മേഖലക്ക് ഉപാധിരഹിത സംഭാവനകൾ നൽകി വരുന്നത്.
വെറുപ്പും വിദ്വേഷവും സ്ഥാപനവത്ക്കരിച്ച് പൊതുഇടങ്ങളെ ശിഥിലീകരിക്കുന്നതിനുള്ള വലതുപക്ഷ അജണ്ടയുടെ അവസാനത്തെ ഉദാഹരണമാണ് കെ മുരളീധരന്റെ മാനവീയം വിരുദ്ധ പ്രസ്താവനയെന്നും കൾച്ചർ കളക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി പ്രസിഡന്റ് വിനോദ് വൈശാഖി, സെക്രട്ടറി കെ ജി സൂരജ് എന്നിവർ പറഞ്ഞു.