തൊഴിൽ പരിശീലനത്തിലും തെരഞ്ഞെടുക്കലുകളിലും പൊളിച്ചെഴുത്ത് ആവശ്യം: മന്ത്രി വി.ശിവൻകുട്ടി
അഡ്മിൻ
തൊഴിൽ പരിശീലനത്തിലും ജോലിയുമായി ബന്ധപ്പെട്ട തെരഞ്ഞെടുക്കലുകളിലും പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തൊഴിൽ സമീപനത്തിലും മാറ്റം ആവശ്യമാണ്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് നടത്തിപ്പിലും മാറ്റം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സംസ്ഥാന സ്‌കിൽ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ(കെയ്‌സ്) നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന പൊതു സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച ജില്ലാതല സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓൺലൈൻ മുഖേന ഓർഡർ എടുത്ത് ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് തൊഴിൽ പരിരക്ഷ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലന്വേഷകരെ പ്രാപ്തമാക്കുന്നതിനുതകുന്ന തരത്തിൽ സംസ്ഥാനത്തെ നൈപുണ്യ പോഷണ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താൻ ഇതുപോലെയുള്ള സമ്മിറ്റുകളിലൂടെ സാധിക്കും. കൂടാതെ സ്വകാര്യ മേഖലയിൽ നൈപുണ്യ പരിശീലനം നടത്തുന്നവരുടെ വിഭവശേഷിയും വൈദഗ്ധ്യവും ഉപയോഗിച്ച് നൈപുണ്യ പരിശീലനത്തിൽ ഒരു തനതായ കേരള മോഡൽ രൂപീകരിക്കാൻ ഇത്തരം സമ്മിറ്റുകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ യുവാക്കളെയും മറ്റും കുറഞ്ഞ സമയത്തിനുള്ളിൽ തൊഴിലവസരങ്ങൾ കൂടുതലുള്ള തൊഴിൽമേഖലയിലേക്ക് ആവശ്യമുള്ള നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ ക്ഷമതയുള്ളവരാക്കി മാറ്റാൻ സാധിച്ചാൽ, സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിനും, സംസ്ഥാനം കൈവരിച്ച സാമൂഹിക സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിനും സാധിക്കും. എന്നാൽ തൊഴിലവസരങ്ങൾ കൂടുതലുള്ള പുതുതായി രൂപംകൊണ്ടിട്ടുള്ളതുമായ തൊഴിൽമേഖലകളിൽ പ്രാവീണ്യമുള്ള യോഗ്യരായ പരിശീലന പങ്കാളികളുടെ അഭാവം, നൈപുണ്യ പരിശീലന പദ്ധതികൾ വിപുലമായ രീതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബഹുഭൂരിപക്ഷം നൈപുണ്യ പരിശീലന കോഴ്സുകളും സംസ്ഥാനത്ത് അനുയോജ്യരായ പരിശീലന പങ്കാളികളുടെ അഭാവം മൂലം ലഭ്യമല്ല.
മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതുമൂലം സാധിക്കാതെ വരുന്നു. വിവിധ വ്യാവസായിക മേഖലകളിൽ തൊഴിൽ ആർജ്ജിക്കുന്നതിനുള്ള മികച്ച നൈപുണ്യ പരിശീലന കോഴ്സുകൾ നടപ്പിലാക്കുന്ന വിവിധ ഏജൻസികളെ ഫലപ്രദമായി ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നത് വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും. ഇതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിച്ച് നൈപുണ്യ പരിശീലന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്.
അതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ ജില്ലാ നൈപുണ്യ വികസന പദ്ധതിയിൽ പരിശീലന പ്രോജക്ടുകൾ സമർപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. ഈ ലക്ഷ്യത്തിനായി നൈപുണ്യ പരിശീലന പങ്കാളികളുടെ സമ്മിറ്റ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്‌ഘാടനത്തിന് ശേഷം നൈപുണ്യ പരിശീലകരുമായി മന്ത്രി സംവദിച്ചു.
കുസാറ്റ് യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ നടന്ന എറണാകുളം ജില്ലയിലെ സമ്മിറ്റിൽ ജില്ലാ അസിസ്റ്റന്റ് കളക്ടർ അൻജിത് സിംഗ് അദ്ധ്യക്ഷത വഹിച്ചു. കെയ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ടി.വി വിനോദ് സ്വാഗതം ആശംസിച്ച പരിപാടിയിൽ കുസാറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ മുഖ്യപ്രഭാഷകനായി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ രവിരാമൻ ആശംസ അറിയിച്ചു
നൈപുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരായ പരിശീലകർ, പൊതു സ്വകാര്യ മേഖലകളിലെ ചെറുതും വലുതുമായ പരിശീലന സ്ഥാപനങ്ങൾ, വ്യാവസായിക മേഖലകളിൽ നിന്നുള്ള വിദഗ്ധർ, നൈപുണ്യ പരിശീലനം ഏറ്റെടുത്തു നടപ്പിലാക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ എന്നിവർ പങ്കെടുത്തു.
27-Jul-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ