തെക്കൻ ലെബനനിലെ ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. അധിനിവേശ ഗോലാൻ കുന്നുകളിലെ ഫുട്ബോൾ ഗ്രൗണ്ടിൽ റോക്കറ്റ് പതിച്ച് 12 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ചടിക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണിത്.
ഞായറാഴ്ച പുലർച്ചെ ഒന്നിലധികം വാർത്താ ഏജൻസികളാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. തീരദേശ നഗരമായ ടയറിലും ഇസ്രായേൽ-ലെബനൻ അതിർത്തിയിലെ നിരവധി ഗ്രാമങ്ങളിലും സ്‌ഫോടന ശബ്ദം കേട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ലബനൻ പ്രദേശത്തിനകത്തും തെക്കൻ ലെബനനിലും ആയുധശേഖരങ്ങളും ഛബ്രിഹ, ബോർജ് എൽ ച്മാലി പ്രദേശങ്ങളിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ, തങ്ങളുടെ വ്യോമസേന ഒറ്റരാത്രികൊണ്ട് ഹിസ്ബുള്ള ഭീകരാക്രമണ ലക്ഷ്യങ്ങളുടെ ഒരു പരമ്പര തകർത്തതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച മജ്ദൽ ഷംസിലെ ഡ്രൂസ് ഗ്രാമത്തിൽ റോക്കറ്റ് പതിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഹിസ്ബുള്ളയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേൽ സർക്കാർ ആരോപിച്ചു, ഇതിൽ ഇരകൾ കൂടുതലും കുട്ടികളായിരുന്നു. എന്നാൽ ലെബനൻ ആസ്ഥാനമായുള്ള ഗ്രൂപ്പ് ആരോപണങ്ങൾ തള്ളി.
ഗാസയിലെ ഫലസ്തീനുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേൽ സൈന്യത്തിനും സിവിലിയൻ ലക്ഷ്യങ്ങൾക്കും നേരെ റോക്കറ്റുകളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ച ഹിസ്ബുള്ളയെ അപലപിച്ച് ഇസ്രായേൽ രാഷ്ട്രീയക്കാർ ദിവസം മുഴുവൻ ശക്തമായ പ്രസ്താവനകൾ നടത്തി.