കേരള കേന്ദ്ര സര്‍വകലാശാലയില്‍ അന്യായ അച്ചടക്ക നടപടികള്‍ തുടരുന്നു
അഡ്മിൻ
കാസര്‍ഗോഡ് : കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തു. അന്യായ അച്ചടക്ക നടപടികളുമായി സര്‍വ്വകലാശാല അധികൃതര്‍ മുന്നോട്ടുപോവുകയാണ്.
അഗ്നിരക്ഷാ ഉപകരണത്തിന്റെ ചില്ലുതകര്‍ത്ത കേസില്‍ അറസ്റ്റിലായ ദളിത് വിദ്യാര്‍ഥി ജി നാഗരാജുവിനെ അനുകൂലിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് പ്രസാദിനെതിരെ നടപടിയെടുത്തിരിക്കുന്നത്. സര്‍വകലാശാലാ അധികാരികള്‍ക്കെതിരേ ഫെയ്സ്ബുക്കില്‍ അസഭ്യം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഇന്റര്‍നാഷണല്‍ റിലേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അഖില്‍ താഴത്തിനെ സര്‍വകലാശാല പുറത്താക്കിയിരുന്നു.
മാര്‍ച്ചില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഗവേഷണ വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന് നേതാവുമായ നാഗരാജു സമരത്തിന് മുന്‍നിരയിലുണ്ടായിരുന്നു. വൈസ് ചാന്‍സലറും രജിസ്ട്രാറും വാര്‍ഡനും യു.ജി.സി. നിയമങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാഗരാജു ആരോപിച്ചിരുന്നു. പിന്നീട് പൊതുമുതല്‍ നശിപ്പിച്ചതിന് രജിസ്ട്രാറുടെ പരാതിയില്‍ നാഗരാജുവിനെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഇതേത്തുടര്‍ന്നാണ് നാഗരാജുവിനെ അനുകൂലിച്ച് ഓഗസ്റ്റ് 11ന് ഡോ. പ്രസാദ് പന്ന്യന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. നിസ്സാര കുറ്റത്തിന് ക്രിമിനല്‍ കേസെടുക്കുന്നത് അത്യന്തം വേദനാജനകമാണെന്നും പിഴയടച്ച് തീര്‍ക്കേണ്ട പ്രശ്നമാണ് സര്‍വകലാശാലാ അധികാരികള്‍ വിദ്യാര്‍ഥിയെ ജയിലിലടയ്ക്കുന്നതിലേക്ക് എത്തിച്ചതെന്നുമായിരുന്നു പോസ്റ്റ്. നമ്മുടെ ഒരു വിദ്യാര്‍ഥി ജനല്‍ചില്ല് പൊട്ടിച്ചതിന് തടവില്‍ കഴിയുന്നതിനെ അപലപിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. തുടര്‍ന്നാണ് സര്‍വകലാശാല നടപടിയെടുത്തത്.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ആര് എസ് എസ് കേന്ദ്ര നേതൃത്വം തീരുമാനിക്കുന്ന അജണ്ടകള്‍ ആണ് നടപ്പിലാകുന്നത് എന്ന പരാതി നേരത്തെ ഉയര്‍ന്നിട്ടുണ്ട്. അത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ നടപടികള്‍.