മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ വകുപ്പ്

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം.

വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ടീമും പുറപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സർജറി, ഓർത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കുന്നതാണ്. നഴ്‌സുമാരേയും അധികമായി നിയോഗിക്കണം.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി.

മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിക്കും.

മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആവശ്യമെങ്കിൽ താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കും. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കും. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും ശ്രദ്ധിക്കണം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

30-Jul-2024