കാലാവസ്ഥാ പ്രതിഭാസങ്ങളെ കേരളം കുറെ കൂടിഗൗരവത്തോടെ കരുതിയിരിക്കണം

വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയാണെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ കണ്ടെത്തല്‍. 2019ല്‍ വയനാട് പുത്തുമല ദുരന്തം ഉണ്ടാക്കിയതിന് സമാനമായ കാലാവസ്ഥ അന്തരീക്ഷമായിരുന്നു ഇത്തവണയും നാശം വിതച്ചത്. അസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങളെ കേരളം കുറെ കൂടിഗൗരവത്തോടെ കരുതിയിരിക്കണം എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറുകയാണ് മുണ്ടക്കൈയിലുണ്ടായത്. ആഴ്ചകളോളം നീണ്ട ശക്തമായ മഴയാണ് വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ദുരന്ത പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനിയില്ല. എന്നാല്‍ തൊട്ട് അടുത്ത മഴ മാപിനികളില്‍ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് ശക്തമായ മഴയാണ്.

ദുരന്തം ഉണ്ടായ ചൊവാഴ്ച, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വൈത്തിരി മാനുവല്‍ സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 280 മി.മീ മഴയാണ്. കുപ്പാടിയില്‍ 122.7 മി.മീ മഴയും, മാനന്തവാടിയില്‍ 204 മി.മീ മഴയും, അമ്പലവയലില്‍ 142.2 മി.മീ മഴയും കാരപ്പുഴ എഡബ്ല്യുഎസ് സ്റ്റേഷനില്‍ 142 മി.മീ മഴയും കുപ്പാടി എഡബ്ല്യുഎസ് സ്റ്റേഷനില്‍ 102 മി.മീ മഴയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശിക മഴ മാപിനിയില്‍ വയനാട് പുത്തുമലയില്‍ 372 മി.മീ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മഴ കേരളം കണ്ട ദിവസമായിരുന്നു മുണ്ടക്കൈയില്‍ ദുരന്തം ഉണ്ടായത്. തുടര്‍ച്ചയായി മഴ പെയ്ത് നനഞ്ഞു കുതിര്‍ന്ന മണ്ണിലേക്ക് വീണ്ടും അതിശക്തമായ മഴ പെയ്താതാണ് ഉരുള്‍പൊട്ടലിന് ഇടയാക്കിയത്. സാധാരണ ഒരാഴ്ചയില്‍ കിട്ടേണ്ടതിനേക്കാള്‍ 50 ശതമാനത്തോളം അധികം മഴയാണ് വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. കുറെ കൂടി കനമുള്ള മേഘങ്ങള്‍ രൂപപ്പെട്ടതോടെ തിങ്കളാഴ്ച ദുരന്തം പെയ്തിറങ്ങി.

നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ പട്ടിക അനുസരിച്ച് ഉരുള്‍പൊട്ടല്‍ ദുരന്ത ആഘാത സാധ്യതാ പട്ടികയില്‍ 13ആമതാണ് വയനാടുള്ളത്. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ഏറ്റവും കടുത്ത ആഘാതം ഉണ്ടാകാന്‍ സാധ്യത ഉള്ള പ്രദേശമാണ് വയനാട്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കിലും ഉരുള്‍പൊട്ടല്‍ സാധ്യത അധികമായ പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ മലയോര മേഖല ആകെയുണ്ട്. പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴയെ മാത്രമല്ല, തുടര്‍ച്ചയായി പെയ്യുന്ന മഴയെയും കേരളം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

31-Jul-2024