അമിത് ഷായുടേത് വസ്തുതാവിരുദ്ധമായ പ്രസ്താവന: പിണറായി വിജയൻ
അഡ്മിൻ
ദുരന്തം ഉണ്ടായ വയനാട്ടിൽ ഒരു തവണ പോലും കേന്ദ്രം റെഡ് അലർട്ട് നൽകിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടം ഉണ്ടായ ദിവസം പുലർച്ചെ മാത്രമാണ് റെഡ് അലെർട്ട് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത സാധ്യതാ മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടും സംസ്ഥാനം അത് പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നും കേന്ദ്രമന്ത്രി അമിത്ഷാ പാർലമെൻ്റിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞത്.
അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. "ദുരന്തം ഉണ്ടായ ഘട്ടത്തിൽ ഓറഞ്ച് അലർട്ട് ആണ് നിലനിന്നത്. എന്നാൽ അതിനും എത്രയോ മുകളിലായിരുന്നു പെയ്ത മഴയുടെ അളവ്. 24 മണിക്കൂറിൽ 200 മില്ലിമീറ്റർ മഴ പെയ്തു. 48 മണിക്കൂറിൽ ഇത് 572 മില്ലി മീറ്ററായി ഉയർന്നു.
ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ജില്ലയിൽ റെഡ് അലർട്ട് നൽകിയിരുന്നില്ലെന്നും ഉരുൾപ്പൊട്ടലിന് ശേഷം രാവിലെ 6 മണിക്കാണ് റെഡ് അലർട്ട് നൽകിയതെന്നും മുഖ്യ മന്ത്രി പറഞ്ഞു. വയനാട്ടിൽ ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇതാണ് വയനാട്ടിലെ മണ്ണിടിച്ചി, ഉരുൾപ്പൊട്ടൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം. എന്നാൽ ജൂലൈ 24 മുതൽ ജൂലൈ 28 വരെ അത് പച്ച അലർട്ട് ആണ് നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദുരന്തം ഉണ്ടായ 30, 31 തീയതികളിലെ മുന്നറിയിപ്പുകളിൽ പച്ച അലർട്ട് ആണ് നൽകിയത്. ആ ദിവസങ്ങളിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ജല കമ്മീഷനും വയനാട്ടിലെ ഇരവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വസ്തുതകൾ നിലനിൽക്കെ അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നുും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൻ്റെ ആവശ്യ പ്രകാരമാണ് 9 എൻ ഡി ആർ എഫ് സംഘത്തെ കേരളത്തിന് നൽകിയത്. ഇതിൽ ഒരു സംഘത്തെ വയനാട്ടിൽ സർക്കാർ നിയോഗിച്ചിരുന്നു. പ്രളയ സാധ്യത മുൻകൂട്ടി വിവിരം ലഭിച്ച സ്ഥലങ്ങളിലെല്ലാം ആളുകളെ മാറ്റിപ്പാർപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി വരുന്ന മാറ്റങ്ങൾ കൂടെ ഉൾക്കൊണ്ട് വേണം ഇത്തരം പരാമർശങ്ങൾ നടത്താനെന്നും ഈ സാഹചര്യത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.