ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷ്യ ലഭ്യത ഉറപ്പാക്കി; ചൂരൽമല ടൗൺ വരെ വൈദ്യുതി പുനഃസ്ഥാപിച്ചു
അഡ്മിൻ
വയനാടുണ്ടായിട്ടുള്ള ദുരന്ത സാഹചര്യത്തെ നേരിടാനുള്ള അടിയന്തിര നടപടികൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. റിലീഫ് ക്യാമ്പുകളിൽ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, പെട്രോൾ, ഡീസൽ പമ്പുകളിൽ ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനും ദുരന്ത മേഖലയിൽ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. മൊബൈൽ ടവറുകൾ, ജനറേറ്ററുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധനലഭ്യത ഉറപ്പുവരുത്താൻ ഓയിൽ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുരന്തബാധിത മേഖലയിൽ പ്രവർത്തന യോഗ്യമല്ലാതായ റേഷൻ കടകൾ അടിയന്തിരമായി പുന:സ്ഥാപിക്കും
ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും, കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും നാലു കി.മി വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. ദുരന്തഭൂമിയോട് ചേർന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തി.
പ്രാഥമിക വിവരമനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായത്. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.