ദുരിതമനുഭവിക്കുന്നവർക്ക് സഹായം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം

വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കേസെടുത്ത് പൊലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. സാമൂഹ്യമാധ്യമമായ എക്സിൽ ‘കോയിക്കോടൻസ് 2.0’ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.

തെറ്റിധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കി.

01-Aug-2024