ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ല: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിലെ രക്ഷാ പ്രവർത്തനം ഒരേ മനസോടെയാണെന്ന് സർവ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി. ഇപ്പോൾ കൂടുതൽ ശ്രദ്ധിച്ചത് രക്ഷാപ്രവർത്തനത്തിലാണ്. ഏറ്റവും മികവാർന്ന പ്രവർത്തനം പട്ടാളത്തിൻ്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണിനിടയിലുള്ള ആളുകളെ കണ്ടെത്താൻ മെഷിനറി ഉണ്ടായിരുന്നില്ല. പാലം വന്നതോടെ ആ പ്രതിസന്ധി മാറി. മെഷിനറികൾ ഇനി പാലത്തിലൂടെ കൊണ്ടുപോകാം. കിട്ടിയിട്ടുള്ളതിൽ ഒരു ഭാഗം ചിതറിയ ശരീരങ്ങളാണ്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. നിലമ്പൂർ ഭാഗത്തേക്ക് ഒഴുകി പോയ ശരീര ഭാഗങ്ങൾ കണ്ടത്താൻ ശ്രമം തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


തത്കാലം ദുരിതാശ്വാസ ക്യാമ്പ് തുടരും. പുനരധിവാസ പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. കൂടുതൽ നല്ലനിലയിൽ പുനരധിവാസ പ്രക്രിയ തുടരും.ക്യാമ്പിൽ കുറേ കുടുംബങ്ങൾ താമസിക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ ക്യാമ്പിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്. കാണാൻ വരുന്നവർ ക്യാമ്പിനകത്തേക്ക് കയറരുത്. കാണാൻ റിസപ്ഷൻ പോലൊരു സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്താക്കി.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെയിരുന്നുകൊണ്ട് വിദ്യാഭ്യാസം നൽകും. അതിനുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തും. പിന്നീട് സാധാരണ നിലയിലുള്ള ക്ലാസുകളിലേക്ക് കടക്കാം. ഇതിന് പുറമെ, ആളുകൾക്കുണ്ടായിരിക്കുന്ന മാനസ്സികാഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. മാനസികാഘാതം കുറയ്ക്കാൻ കൗൺസിലിങ് നടത്തും. കൗൺസിലിങ് ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്.

01-Aug-2024