ബുധനാഴ്ച ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ ചോർന്നൊലിച്ച് പുതിയ പാർലമെന്റ് കെട്ടിടം.രാഷ്ട്രപതി ഉപയോഗിക്കുന്ന പ്രവേശന കവാടം ഉൾപ്പെടെ കെട്ടിടത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചോർച്ചയും വെള്ളക്കെട്ടും ഉണ്ടായി.കെട്ടിട സമുച്ചയത്തിനുള്ളിൽ വെള്ളം വീഴുവാനായി ബക്കറ്റ് വെച്ചിരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ സംഭവം കേന്ദ്ര സർക്കാരിനെതിരെ ആയുധം ആക്കുകയാണ് പ്രതിപക്ഷം.
വെള്ളക്കെട്ടിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച വിരുദുനഗറിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്‌സഭാ സ്പീക്കർക്ക് വിഷയം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി.കെട്ടിടം സൂക്ഷ്മമായി പരിശോധിക്കാൻ എല്ലാ പാർട്ടികളിലെയും എംപിമാരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാൻ ടാഗോർ നിർദ്ദേശിച്ചു.
ചോർച്ചയുടെ കാരണങ്ങൾ അന്വേഷിക്കുകയും കെട്ടിടത്തിൻ്റെ രൂപരേഖയും വസ്തുക്കളും വിലയിരുത്തുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും അദ്ദേഹം ശുപാർശ ചെയ്തു. നോട്ടീസിൻ്റെ പകർപ്പ് ലോക്‌സഭാ സ്പീക്കർക്കും മന്ത്രാലയത്തിനും പാർലമെൻ്ററി കാര്യ മന്ത്രാലയത്തിനും അദ്ദേഹം അയച്ചിട്ടുണ്ട്.
അതിനിടെ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത് വന്നു. "മുൻ എംപിമാർക്കുപോലും സന്ദർശിക്കാവുന്ന പഴയ പാർലമെൻ്റ് ഈ പുതിയ പാർലമെൻ്റിനേക്കാൾ മികച്ചതായിരുന്നു. ശതകോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ പാർലമെൻ്റിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ എന്തുകൊണ്ട് പഴയ പാർലമെൻ്റിലേക്ക് തിരിച്ചുപോയിക്കൂടാ?" അഖിലേഷ് ചോദിച്ചു.
1200 കോടി ചെലവിൽ നിർമ്മിച്ച പാർലമെന്റ് ഇപ്പോൾ 120 രൂപയുടെ ബക്കറ്റിനെയാണ് ആശ്രയിക്കുന്നത് എന്ന് ആം ആദ്മി പാർട്ടിയും പരിഹസിച്ചു