മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ അപവാദ പ്രചരണം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ അപവാദ പ്രചരണം നടത്തി എന്ന പരാതിയിൽ കളമശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം കളമശേരി ഏരിയ കമ്മിറ്റിയംഗം വി എ സക്കീർ ഹുസൈന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

അന്വേഷണത്തിൽ ഷിജു ജബ്ബാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ വിവിധ ഗ്രൂപ്പുകളുടെ അഡ്മിൻകൂടിയാണ് അറസ്റ്റിലായ ഷിജു ജബ്ബാർ. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയതിൽ മലപ്പുറത്ത് 7 കേസുകൾ രജിസ്റ്റർ ചെയ്‌തു.

ഭാരതീയ ന്യായ സംഹിത, ദുരന്തനിവാരണ നിയമം, കേരള പൊലീസ് ആക്ട് എന്നിവയിലെ വകുപ്പുകൾ ചേർത്താണ് കേസുകൾ എടുത്തത്. മലപ്പുറം, കരിപ്പൂർ, നിലമ്പൂർ, വണ്ടൂർ, കൽപകഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി തുടങ്ങിയ സ്റ്റേഷൻ പരിധിയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

03-Aug-2024