നീറ്റ്: കേന്ദ്രവും എൻ.ടി.എയും തെറ്റുകൾ തിരുത്തണം: സുപ്രീം കോടതി
അഡ്മിൻ
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ)യും കേന്ദ്ര സർക്കാറും അഭിപ്രായം മാറ്റുന്നത് അവസാനിപ്പിക്കണമെന്നും തെറ്റുകൾ ഈ വർഷം തന്നെ തിരുത്തി ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി. നീറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ലെന്നും ചോർച്ച വ്യാപകമല്ലെന്നും പുനഃപരീക്ഷ ആവശ്യമില്ലെന്നും സുപ്രീം കോടതി ആവർത്തിച്ചു.
കഴിഞ്ഞ മാസം 23 ന് പുറപ്പെടുവിച്ച ഇടക്കാല വിധിയുടെ തുടർച്ചയായുള്ള വെള്ളിയാഴ്ചത്തെ വിശദ വിധിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശങ്ങൾ.
എൻ.ടി.എ അഭിപ്രായം മാറ്റിക്കൊണ്ടിരിക്കുന്നത് അത്ര നല്ലതല്ലെന്ന് ചീഫ് ജസ്റ്റിസ് എഴുതിയ വിശദമായ വിധിയിൽ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എൻ.ടി.എയുടെ എല്ലാ തെറ്റുകളും കോടതി എടുത്തുപറഞ്ഞിട്ടുള്ളതാണ്. ഇവ ഈ വർഷം തന്നെ തിരുത്തി ആവർത്തിക്കാതെ നോക്കണം. പട്നയിലും ഹസാരിബാഗിലുമുണ്ടായ ചോർച്ചയും ചോദ്യപേപ്പർ സൂക്ഷിച്ച സ്ട്രോംങ്റൂമിന്റെ പിൻവാതിൽ തുറന്ന് അനുമതിയില്ലാത്തവർ അകത്ത് കടന്നതും ഗുരുതരമായ സുരക്ഷ വീഴ്ചയാണ്.
ഇ- റിക്ഷകളിൽ ചോദ്യപേപ്പൾ കൊണ്ടുപോയതും, ഒ.എം.ആർ ഷീറ്റുകൾ മുദ്രവെക്കുന്നതിന് സമയം നിർണയിക്കാത്തതും, പല കേന്ദ്രങ്ങളിലും തെറ്റായ ചോദ്യപേപ്പർ വിതരണം നടന്നതും ഒരു ശരിയുത്തരം മാത്രമുള്ള ചോദ്യത്തിന് രണ്ട് ശരിയുത്തരമുണ്ടെന്ന് പറഞ്ഞ് മാർക്ക് നൽകിയതും എൻ.ടി.എ തിരുത്തേണ്ട തെറ്റുകളായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
03-Aug-2024
ന്യൂസ് മുന്‍ലക്കങ്ങളില്‍
More