മൃഗസംരക്ഷണ വകുപ്പ് ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു

വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്കായി ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേരള സർക്കാർ സ്ഥാപിച്ചു. പരുക്കേറ്റ കന്നുകാലികൾക്ക് ആവശ്യമായ ചികിത്സ നൽകിയശേഷം അവയെ ഏറ്റെടുക്കാൻ സന്നദ്ധതയുള്ള സമീപ പ്രദേശങ്ങളിലെ ക്ഷീരകർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പ് ആണ് ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മൃഗങ്ങളെ സ്വീകരിക്കുന്ന ക്ഷീരകർഷകരുടെ പേരും കൃത്യമായി രേഖപ്പെടുത്തും. നിലവിൽ സന്നദ്ധസംഘടനകളും സന്നദ്ധപ്രവർത്തകരും മുഖേനയാണ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നത്. വെള്ളിയാഴ്ച ചൂരൽമല ദുരന്തസ്ഥലത്ത് നിന്ന് കണ്ടെടുത്ത രണ്ട് ചെറിയ നായ്ക്കളെ സൈന്യത്തിനും പൊലീസ് പ്രത്യേക പ്രതിരോധ സംഘത്തിനും കൈമാറി.

ചൂരൽമല, മുണ്ടക്കൈ എന്നിവയുൾപ്പെടെ ദുരന്തബാധിത പ്രദേശങ്ങളിൽ ജീവനോടെയും ചത്തനിലയിലുമായി കണ്ടെത്തിയ വളർത്തുമൃഗങ്ങളെയും പക്ഷികളെയും കൺട്രോൾ റൂമിൽ എത്തിച്ച് തുടർനടപടി സ്വീകരിക്കും.

വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും അടങ്ങുന്ന സംഘം രണ്ട് ബാച്ചുകളായി പ്രവർത്തിക്കുന്നു. ഫയർഫോഴ്‌സിൻ്റെ സഹായത്തോടെ ഡോക്‌ടറും ഫീൽഡ് ഓഫീസറും ചേർന്ന് ചെറിയ മൃഗങ്ങളെ കൂടുകളിലാക്കി വലിയ മൃഗങ്ങളെ ആംബുലൻസിൽ കയറ്റി മേപ്പാടി പഞ്ചായത്ത് ആശുപത്രിയിൽ എത്തിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ.രാജേഷ് പറഞ്ഞു. മേപ്പാടിയിൽ സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൃഗങ്ങളുടെ ശരീരഭാഗങ്ങൾ നശിപ്പിക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

04-Aug-2024