വെള്ളാർമല സ്കൂളിനെ പുനർനിർമ്മിക്കും, ഓഗസ്റ്റ് 6 ന് ഉന്നതതലയോഗം
അഡ്മിൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായതെന്നും സ്കൂൾ പൂർണമായും തകർന്ന നിലയിലാനിന്നും മന്ത്രി പറഞ്ഞു.
പഴയതിലും മെച്ചപ്പെട്ട നിലയിൽ സ്കൂളിനെ പുനർനിർമ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കൽപറ്റയിൽ ഓഗസ്റ്റ് 6 ന് ഉന്നതതലയോഗം നടത്തുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ആറാം തീയതി നടക്കുന്ന യോഗത്തിൽ ടീച്ചർമാരുടെയും നാട്ടുകാരുടെയും അഭിപ്രായം തേടിയ ശേഷം ക്ലാസുകൾ പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനോടനുബന്ധിച്ച് വെള്ളാർമല സ്കൂളിൻ്റെ പുനർനിർമ്മാണത്തിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്കൂൾ നിർമ്മിക്കാൻ മോഹൻലാൽ സന്നദ്ധത അറിയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറിന് വയനാട് സന്ദർശിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വയനാട്ടിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും കൽപ്പറ്റയിൽ ഓഗസ്റ്റ് 6 ന് രാവിലെ 10 മണിക്കാണ് യോഗമെന്നും മന്ത്രി പറഞ്ഞിരുന്നു.