വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണം: ജില്ലാ കളക്ടർ

ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ. ഓരോ ദിവസവും ഇവർക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവർത്തകർക്കോ, പുറത്തുള്ളവർക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാൻ അനുവാദമില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കളക്ഷൻ പോയിൻറിൽ ഏൽപ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേൻമയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാൻ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേൽനോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. 3600 പേർക്കുള്ള പ്രഭാത ഭക്ഷണവും 5500 പേർക്കുള്ള ഉച്ചഭക്ഷണവും എത്തിച്ചു. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിരുന്നതായും കളക്ടർ അറിയിച്ചു.

04-Aug-2024