കർണാടകയിൽ വനങ്ങളിലെയും പശ്ചിമഘട്ടത്തിലെയും കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ ടാസ്‌ക് ഫോഴ്സ്
അഡ്മിൻ
കർണാടകയിൽ പശ്ചിമഘട്ടം ഉൾപ്പടെ സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലെയും അനധികൃത റിസോർട്ടുകൾ,ഹോം സ്‌റ്റേകൾ, വന കയ്യേറ്റങ്ങൾ എന്നിവ ഒഴിപ്പിക്കാൻ സർക്കാർ ക്ലിയറൻസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ അറിയിച്ചു.
വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഫോറസ്റ്റ് ഫോഴ്സ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ ടാസ്‌ക് ഫോഴ്‌സിൽ 10 ജില്ലകളാണ് ഉൾപ്പെടുന്നത്. ഇതുവഴി ഇന്ന് മുതൽ പശ്ചിമഘട്ടത്തിലും മറ്റ് പ്രദേശങ്ങളിലും വനം കയ്യേറ്റമൊഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
2015ന് ശേഷം പശ്ചിമ ഘട്ട പ്രദേശങ്ങളിലെ വനം കയ്യേറ്റം സംബന്ധിച്ച് 64 എ (കർണ്ണാടക ഫോറസ്റ്റ് ആക്ട്) നടപടികൾ പൂർത്തിയായ എല്ലാ കേസുകളിലും ക്ലിയറൻസ് പ്രവർത്തനങ്ങൾ നടത്താൻ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിലും ഉത്തര കന്നഡയിലെ ഷിരൂരിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഭീതിപ്പെടുത്തുന്നവയാണ്. ഇതേ തുടർന്ന് വർഷങ്ങളായി നിലനിന്നിരുന്ന കുന്നുകൾ അപ്രത്യക്ഷമായെന്നും പശ്ചിമഘട്ട മേഖലയിലും ഷിരാഡി ഘട്ട്, ചാർമാഡി ഘട്ട് ഉൾപ്പെടെ പലയിടത്തും തുടർച്ചയായി ഉരുൾപൊട്ടലുണ്ടായെന്നും ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.
അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എ.സി.എഫ്), ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡി.സി.എഫ്), കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.എഫ്), ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്), അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എ.പി.സി.സി.എഫ്) എന്നിവർക്ക് 64 എ പ്രകാരം വനം കയ്യേറ്റ കേസുകൾ അന്വേഷിക്കാനും ഇഷ്യൂ ചെയ്യാനും അനുമതിയുണ്ട്. വനഭൂമി കയ്യേറ്റവും കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള വഴികളും ഇതിൽ ഉൾപ്പെടുന്നവയാണ്.
വൻതോതിൽ കാടുകയറി നിർമിച്ച അനധികൃത റിസോർട്ടുകളും ഹോംസ്റ്റേകളും ആദ്യം ഒഴിപ്പിച്ച് തുടർന്ന് തോട്ടങ്ങളും കെട്ടിടങ്ങളും ഒഴിപ്പിക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്. ‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. പശ്ചിമഘട്ടം കയ്യേറി വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തക്കതായ ശിക്ഷ നൽകും.
ഇത്തരം പ്രവർത്തനങ്ങൾ മൂലം പരിസ്ഥിതിക്കുണ്ടാകുന്ന നാശം നികത്താനാവില്ല’. പശ്ചിമഘട്ട മേഖലയിലെ റോഡുകളുടെ നവീകരണത്തിലും വിപുലീകരണത്തിലും കുന്ന് അശാസ്ത്രീയമായി മുറിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായത്. അത്തരം പ്രവൃത്തികൾ നടത്തുന്ന കരാറുകാർക്കും എഞ്ചിനീയർമാർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തിമാക്കി.