പുത്തുമലയിൽ സ‍ർവമത പ്രാർഥനയോടെ കൂട്ടസംസ്കാരം

വയനാട് മുണ്ടക്കെ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ചവരില്‍ 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാ​ഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുന്നത് .വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്കാരം നടത്തുന്നത്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്.

ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. ഇന്നലെ പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രം​ഗത്തുണ്ട്.

അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

05-Aug-2024