കേന്ദ്ര വനം മന്ത്രിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി
അഡ്മിൻ
വയനാട്ടിൽ ഉരുൾപൊട്ടലിന് കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പരാമർശം ദുരാരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശം.
ആ ഹതഭാഗ്യകരെ ഈ രീതിയിൽ അപമാനിക്കരുത്. അനധികൃത ഖനനമാണ് ഉരുൾപൊട്ടലിന് കാരണമെന്നത് വിചിത്രമായ വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തഭൂമിയിൽ പരിശോധിക്കാത്ത ഒരു പ്രദേശവും ഉണ്ടാകരുതെന്ന തീരുമാനത്തോടെ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നലെ ലഭിച്ച 6 മൃതദേഹങ്ങളും ഉൾപ്പടെ 224 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 181 ശരീരഭാഗങ്ങൾ ഇതുവരെ കണ്ടെത്തി. മൃതദേഹം കടലിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. 10,11,12 വാർഡുകളെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇനിയും കണ്ടെത്താനുള്ളവരെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.