ദുരന്തബാധിതർക്ക് താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണന: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണനയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ ക്വാട്ടേഴ്‌സുകൾ നൽകുന്നത് പോലെ തന്നെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താത്കാലിക പുനരധിവാസത്തിന് സ്വയം തയ്യാറായി വരുന്നവരുണ്ടോ എന്ന് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി വയനാട് ജില്ലയിലെ ഓരോ പഞ്ചായത്തുകളും മുൻകൈ എടുക്കുന്നതുപോലെയുള്ള പദ്ധതിയാണ് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരികൾ എന്നിവരുമായി സുപ്രധാന ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരു ജനകീയ താത്കാലിക പുനരധിവാസമാണ് ഇപ്പോൾ ആലോചിക്കുന്നത്.
ക്യാമ്പുകൾ നടക്കുന്ന സ്‌കൂളുകളിൽ പഠനം പുനഃരാരംഭിക്കേണ്ടതുണ്ട്. അതിനാൽ അവരെ അവിടെ നിന്ന് മാറ്റേണ്ടതുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ ഇപ്പോൾ തയാറല്ല. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകണമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര വനം മന്ത്രിയുടെ വിമർശനങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി റിയാസ് പറഞ്ഞു. സർക്കാരിനെ വിമർശിച്ചാലും ഇപ്പോൾ മറുപടി പറയാനുള്ള സമയമല്ല. എല്ലാ അടിയും സ്വീകരിക്കാൻ തയാറാണ്. വയനാട്ടിലെ ജനങ്ങളെ ദുരിതത്തിൽ മറികടക്കാനുള്ള നടപടികളാണ് മുന്നിലുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.