വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം: മുഖ്യമന്ത്രി

വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വയനാട് സന്ദർശിച്ച ശേഷം കേരളത്തിന് അനുകൂല നിലപാട് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തമേഖലയില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.

അതിന്‍റെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്ന് ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് കേരളത്തിന്റെ ആവശ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ഇക്കാര്യത്തില്‍ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു എന്നും, ഈ വലിയ ദൗത്യത്തിന് കേന്ദ്രം നല്‍കുന്ന എല്ലാ പിന്തുണക്കും സഹായത്തിനും കത്തിലൂടെ നന്ദി രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

08-Aug-2024