തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷം മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു

തദ്ദേശീയ ജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനും വികസനനേട്ടങ്ങള്‍ അവരില്‍ എത്തിക്കുന്നതിനും നിരവധി പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അന്തര്‍ദേശീയ ദിന സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പു വരുത്തി, തദ്ദേശീയ ജനതയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്ന സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തദ്ദേശീയ ജനതയുടെ സ്വച്ഛമായ ജീവിതം ഉറപ്പാക്കുന്നതിലൂടെ മാത്രമേ ലോകത്തിന്റെ ഭാവി ഭദ്രമാക്കാനാവൂ.

സംസ്ഥാനത്തെ ജനസംഖ്യയുടെ 1.45 ശതമാനമുള്ള തദ്ദേശീയ ജനതയ്ക്കായി ബജറ്റ് വിഹിതത്തിന്റെ മൂന്ന് ശതമാനമാണ് നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കരുതല്‍ ഇതിലൂടെ വ്യക്തമാണ്. തദ്ദേശീയ ജനതയുടെ തൊഴിലും വിദ്യാഭ്യാസവും ഉറപ്പുവരുത്താനുള്ള നടപിടികള്‍ സ്വീകരിച്ചിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിച്ച നടപടി ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.

പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി 860 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയത്. വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 32 കോടി, എം.ആര്‍.എസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി 57 കോടി, സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി 9 കോടി എന്നിങ്ങനെ നീക്കി വെച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഉന്നതി പദ്ധതി, തൊഴിലുറപ്പാക്കുന്ന കേരളാ ട്രൈബല്‍ പ്ലസ് പദ്ധതിക്കായി 35 കോടി, മാതൃ-ശിശു പരിചരണം ഉറപ്പാക്കുന്ന ജനനി ജനരക്ഷയ്ക്കായി 17 കോടി, പോഷകാഹാരക്കുറവ് ഇല്ലാതാക്കന്‍ 25 കോടി, സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിക്കായി 32 കോടി, വീടുകളുടെ പുനരുദ്ധാരണത്തിന് 70 കോടി, അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിക്കായി 40 കോടി, ഭൂരിഹതിരുടെ പുനരധിവാസത്തിനായി 42 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.

വികസനപദ്ധതികളെയും ക്ഷേമപദ്ധതികളെയും സംയോജിപ്പിച്ച് ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ വികസന, ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ എല്ലാ പ്രദേശങ്ങളിലേക്കും വിഭാഗങ്ങളിലേക്കും എത്തിക്കും. ഇതിനായി ഏറ്റവും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെ പരമപ്രധാനമായി കണ്ടുകൊണ്ടുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഞാറനീലി കമ്യൂണിറ്റി സ്റ്റഡി സെന്ററില്‍ നടന്ന തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു. പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഡി. കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, പെരിങ്ങമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക സി.പി, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ രേണു രാജ്, പട്ടികവര്‍ഗ ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

09-Aug-2024