ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ അമേരിക്ക എന്ന് ഷെയ്ഖ് ഹസീന

രാജ്യത്ത് ഭരണമാറ്റത്തിന് അമേരിക്ക ഗൂഢാലോചന നടത്തിയിരുന്നുവെന്ന ആരോപണവുമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗാൾ ഉൾക്കടലിലെ സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് അമേരിക്കയ്ക്ക് തന്നോടുള്ള വിരോധത്തിന് കാരണം.

ഒരവസരം കിട്ടിയിരുന്നെങ്കിൽ ഇക്കാര്യങ്ങൾ വിളിച്ചുപറയുമായിരുന്നുവെന്നും ഹസീന പറഞ്ഞു. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീന, തന്റെ അടുപ്പക്കാർക്കയച്ച കത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

"മൃതദേഹങ്ങളുടെ ഒരു കൂമ്പാരത്തിന് സാക്ഷ്യം വഹിക്കാതിരിക്കാനാണ് താൻ രാജിവച്ചത്. സെന്റ് മാർട്ടിൻ ദ്വീപുകൾ അമേരിക്കയ്ക്ക് വിട്ടുനൽകിയിരുന്നെങ്കിൽ അധികാരത്തിൽ തുടരമായിരുന്നു." കത്തിൽ പറയുന്നു.

ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മൂന്നുകിലോമീറ്റർ വിസ്‌തീർണമുള്ള ദ്വീപാണ് സെന്റ് മാർട്ടിൻ. ബംഗാൾ ഉൾക്കടലിൽ വ്യോമതാവളം നിർമിക്കാൻ പദ്ധതിയിട്ടിരുന്ന അമേരിക്ക, ഈ ദ്വീപായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിനെ ഷെയ്ഖ് ഹസീന എതിർത്തിരുന്നു.

തൻ്റെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബംഗ്ലാദേശിൽനിന്നും മ്യാൻമറിൽനിന്നും പുതിയ ക്രിസ്ത്യൻ രാജ്യം രൂപീകരിക്കാനുള്ള ഗൂഢാലോചനയാണെന്നും ഷെയ്ഖ് ഹസീന നേരത്തെ ആരോപിച്ചിരുന്നു. “ബംഗ്ലാദേശിൽ ഒരു വ്യോമതാവളം നിർമിക്കാൻ പ്രത്യേക രാജ്യത്തെ അനുവദിച്ചാൽ, എനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു” ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഹസീന പറഞ്ഞിരുന്നു.

 

11-Aug-2024