നമ്മുടെ വാക്കും പ്രവർത്തനങ്ങളും അവർക്ക് ആത്മവിശ്വാസം നൽകുന്നതായിരിക്കണം: മന്ത്രി എ കെ ശശീന്ദ്രൻ
അഡ്മിൻ
ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് വയനാട് ദുരന്തമേഖലയിലെത്തിയ മന്ത്രി എ കെ ശശീന്ദ്രൻ. ജനകീയ തിരച്ചിൽ പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. ഇവരെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്ന് പറഞ്ഞ് മന്ത്രി വികാരാധീതനായി. ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ കണ്ട മന്ത്രി ദുരന്തഭൂമിയിൽ പൊട്ടിക്കരഞ്ഞു.
ഇവരോട് ഞാൻ എന്തുത്തരം പറയും? ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. ഈ അനുഭവം എല്ലാവർക്കും ഉണ്ടാവും. മനുഷ്യന്റെ പ്രവർത്തനങ്ങൾക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആർക്കാണ് പറയാൻ കഴിയുക.
എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവർത്തനങ്ങളും അവർക്ക് ആത്മവിശ്വാസം നൽകുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ പ്രതിജ്ഞയാണ് ഇത്തരം ഘട്ടങ്ങളിൽ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.