2024 പാരിസ് ഒളിംപിക്‌സിന് പര്യവസാനം. സെന്‍ നദിക്ക് അഭിമുഖമായുള്ള സ്റ്റാഡ് ദ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ വര്‍ണാഭവും താരനിബിഡവുമായ ചടങ്ങുകള്‍ക്കൊടുവില്‍ ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. നാല് വര്‍ഷങ്ങള്‍ക്കുശേഷം ലോസ് ആഞ്ജലിസില്‍ കണ്ടുമുട്ടാമെന്ന് പറഞ്ഞ് കായികലോകം പാരിസിനോട് വിടചൊല്ലി.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ഓടെയായിരുന്നു സമാപന ചടങ്ങ് ആരംഭിച്ചത്. ലോകത്തിലെ തന്നെ മികച്ച സ്റ്റേഡിയങ്ങളിലൊന്നായ സ്റ്റാഡ് ദ ഫ്രാന്‍സില്‍ ചടങ്ങ് മണിക്കൂറുകളോളം നീണ്ടുനിന്നു. ബില്ലി എല്ലിഷ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, സ്‌നൂപ് ഡോഗ് തുടങ്ങിയവരുടെ പ്രകടനം വര്‍ണാഭമായ സമാപനനിശയുടെ മാറ്റുകൂട്ടി. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഇതിഹാസ ഹോക്കി താരം പി ആര്‍ ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി.
സമാപന ചടങ്ങിന് ശേഷം ലോസ് ആഞ്ജലിസ് മേയര്‍ കരന്‍ ബാസ് പാരിസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍ നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. നാല് വര്‍ഷത്തിനപ്പുറം യുഎസിലെ ലോസ് ആഞ്ജലിസ് 34-ാം ഒളിംപിക്‌സിന് വേദിയാവും.