ബ്രോഡ്‌കാസ്റ്റ് ബില്ലിൻ്റെ കരട് പിൻവലിച്ച് കേന്ദ്ര സര്‍ക്കാർ
അഡ്മിൻ
ബ്രോഡ്‌കാസ്റ്റ് ബില്ലിൻ്റെ കരട് പിൻവലിച്ച് കേന്ദ്ര സര്‍ക്കാർ. കരട് കൈവശമുള്ള എല്ലാ തത്പര കക്ഷികളോടും ഇത് കേന്ദ്ര സർക്കാരിന് തിരിച്ചയക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടു. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം നീക്കം നടത്തിയത്.
യൂട്യൂബ്, ഫെയ്‌സ്‌ബുക്ക്, എക്‌സ്, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഓൺലൈൻ പോർട്ടലുകൾ, വൈബ്‌സൈറ്റുകൾ എന്നിവയെ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിൻ്റെ നീക്കം.
കരടിന് മേലുള്ള അഭിപ്രായം നൽകേണ്ടതില്ലെന്നും കേന്ദ്ര മന്ത്രാലയം ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രോഡ്‌കാസ്റ്റർമാർ, അസോസിയേഷനുകൾ, സ്ട്രീമിങ് സർവീസ് കമ്പനികൾ, പ്രധാന ടെക് കമ്പനികൾ എന്നിവർക്കാണ് നേരത്തെ ബില്ലിൻ്റെ കരട് അയച്ചത്.ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര മാധ്യമങ്ങൾ സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചതിനെത്തുടർന്നാണ് നീക്കമെന്നാണ് റിപോർട്ട്.