വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം: നിര്‍മല സീതാരാമന്‍

സ്വകാര്യ കമ്പനിയിലെ ജോലി സമ്മര്‍ദം മൂലം മലയാളിയായ യുവതി അന്ന മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നും, വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. ‘രണ്ട് ദിവസം മുമ്പ് പത്രത്തില്‍ ജോലി സമ്മര്‍ദംമൂലം ഒരു പെണ്‍കുട്ടി മരിച്ചതായി വാര്‍ത്ത കണ്ടു. കോളേജുകള്‍ വിദ്യാര്‍ത്ഥികളെ നന്നായി പഠിപ്പിക്കുകയും ജോലി നേടിക്കൊടുക്കുകയും ചെയ്യുന്നു.

അതേപോലെ തന്നെ കുടുംബങ്ങള്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. നീ എത്ര പഠിച്ച് ഏത് നിലയില്‍ എത്തിയാലും മനസ്സില്‍ സമ്മര്‍ദങ്ങളെ നേരിടാന്‍ ഉള്‍ശക്തിയുണ്ടാവണം. അതിനായി ദൈവത്തിനെ ആശ്രയിക്കണം. എന്നാല്‍ മാത്രമെ ആത്മശക്തിയുണ്ടാവുകയുള്ളു,’ മന്ത്രി പറഞ്ഞു.

ജൂലായ് 20നായിരുന്നു മുബൈയിലെ ഏണസ്റ്റ് ആന്‍ഡ് യങിലെ ജീവനക്കാരിയായിരുന്ന അന്നയുടെ മരണം. മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് കമ്മീഷന്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

22-Sep-2024