വർഗീയത ആളിപ്പടർത്താൻ ബിജെപി–ആർഎസ്‌എസ് ശ്രമം; പിണറായി വിജയൻ

രാജ്യത്ത് വർഗീയത ആളിപ്പടർത്താനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വർഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഭരണകൂടം സംരക്ഷിക്കുകയും യഥാർഥ ഇരകളെ വേട്ടയാടുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നതിനുള്ള അപകടകരമായ നടപടികളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. എസ്‌ഐആർ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നയങ്ങളാണ് സ്വീകരിക്കുന്നത്. ഇത്തരം ജനവിരുദ്ധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏകദേശം 13 കോടി ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും ആർക്കും അദ്ദേഹത്തെ സംരക്ഷിക്കാനാകില്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ പരമാധികാരത്തെ അപകടത്തിലാക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്തായ ഇസ്രയേൽ ലോകത്ത് സമാധാനം ഇല്ലാതാക്കുന്നവരാണെന്നും ആർഎസ്എസിന്റെ അജണ്ടയനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസും ഇസ്രയേൽ സയണിസ്റ്റുകളും ഇരട്ടപ്പെറ്റ സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയോട് വിനീത വിധേയത്വം പുലർത്തുന്ന കേന്ദ്രസർക്കാരിന്റെ നയം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നും ഇതിനെതിരെ കൂടുതൽ പ്രതിഷേധങ്ങൾ ഉയരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

04-Oct-2026