സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളിൽ എക്സൈസ് പിടിച്ചെടുത്തത് 1.9 കോടി രൂപയുടെ ലഹരി വസ്തുക്കൾ. മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി സംസ്ഥാന എക്സൈസ് സേന ആരംഭിച്ച 'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റി'ൻ്റെ ഭാഗമായാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
570 പേരെ പ്രതിചേർത്തുകൊണ്ട് 554 മയക്കുമരുന്ന് കേസുകൾ ഇതുവരെ എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ഊർജിതമായി തുടരണമെന്നും മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി.3568 റെയ്ഡുകൾ, 33709 വാഹന പരിശോധന എന്നിവ നടത്തിയാണ് എക്സൈസ് ഇത്രയധികം മയക്കുമരുന്ന് പിടിച്ചെടുത്തത്. മാർച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് മന്ത്രിയുടെ നിർദേശപ്രകാരം ഒരാഴ്ച കൂടി ദീർഘിപ്പിക്കും.
ഡ്രൈവിന്റെ ഭാഗമായി മാർച്ച് 5 മുതൽ 12 വരെ എക്സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്, ഇതിൽ പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേർന്നുള്ള 50 സംയുക്ത പരിശോധനകളുമുണ്ട്. ഈ കാലയളവിൽ 33709 വാഹനങ്ങൾ പരിശോധിച്ചു.ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്സൈസ് പിടിച്ചത്. ഈ കേസുകളിൽ 570 പേരെ പ്രതിചേർക്കുകയും ഇതിൽ 555 പേരെ പിടികൂടുകയും ചെയ്തു.