സ്റ്റാലിന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് സിപിഐ

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി സിപിഐയും രംഗത്ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കത്തിന്റെ തുടര്‍ച്ചയാണ് നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കേന്ദ്രനീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 22ന് ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തമിഴ്‌നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഡോ. തമിഴച്ചി തങ്ക പാണ്ഡ്യന്‍ എന്നിവർ ബിനോയ് വിശ്വത്തെ സന്ദര്‍ശിച്ച് സ്റ്റാലിന്റെ ക്ഷണക്കത്തു കൈമാറിയിരുന്നു.

ജനസംഖ്യാ നിയന്ത്രണം ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിച്ച കാര്യങ്ങള്‍ വര്‍ഷങ്ങളായി മികച്ച രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് കേരളത്തിന് ഇപ്പോള്‍ ദോഷകരമായി മാറുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫണ്ട് നല്‍കുന്നതില്‍ ഉള്‍പ്പെടെ ജനസംഖ്യാനുപാതം പരിഗണിക്കപ്പെടുമ്പോള്‍ കേരളം പിന്തള്ളപ്പെടുകയാണ്. ഇതിനു പിന്നാലെയാണ് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം പുനര്‍നിര്‍ണയിക്കാനുള്ള നീക്കം.

ഇതോടെ കേരളം ഉള്‍പ്പെടെ പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം കുറയും. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ നീക്കത്തെ സിപിഐ രാഷ്ട്രീയമായി നേരിടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

15-Mar-2025