ഹരിയാനയിൽ ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി

ഹരിയാനയിലെ സോനിപത്ത് ജില്ലയിൽ ബിജെപി നേതാവിനെ അയൽവാസി വെടിവച്ച് കൊലപ്പെടുത്തി. ബിജെപി മുണ്ട്‌ലാന മണ്ഡലം പ്രസിഡന്റ് സുരേന്ദ്ര ജവഹർ ആണ് കൊല്ലപ്പെട്ടത്.

ഭൂമി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുണ്ടലാന മണ്ഡലം പ്രസിഡന്‍റ് സുരേന്ദ്ര ജവഹര്‍ ആണ് കൊല്ലപ്പെട്ടത്. ഹോളി ആഘോഷ രാത്രിയില്‍ ഒന്‍പത് മണിയോടെയാണ് കൊലപാതകം നടന്നത്.

പ്രതി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജവഹര്‍ ഗ്രാമത്തില്‍ വെടിവയ്‌പ് നടന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയതായി ക്രൈം എസിപി ഋഷികാന്ത് പറഞ്ഞു. സുരേന്ദ്ര സിങുമായി ഭൂമി തര്‍ക്കം ഉണ്ടായിരുന്ന മനുവാണ് വെടിവച്ചത്. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തതായും ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട നേതാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സുരേന്ദ്ര വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനിന്നിരുന്നത്. തന്‍റെ അയല്‍വാസിയില്‍ നിന്ന് അമ്മായിയുടെ പേരിലാണ് സുരേന്ദ്ര വസ്‌തു വാങ്ങിയത്. എന്നാല്‍ ഈ ഭൂമിയില്‍ കടക്കരുതെന്ന് അയല്‍ക്കാരന്‍ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഈ സ്ഥലത്ത് ബിജെപി നേതാവ് കൃഷി ചെയ്യാനായി എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ കനത്ത തര്‍ക്കമുണ്ടായി. തുടര്‍ന്ന് സുരേന്ദ്ര അവിടെ നിന്ന് പോയി. പിന്നീട് സുരേന്ദ്രയുടെ കടയിലെത്തി ഇയാള്‍ ബഹളമുണ്ടാക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.

15-Mar-2025