ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ടാൻസാനിയൻ സ്വദേശികളായ രണ്ടു പേർ റിമാൻഡിൽ. പഞ്ചാബിലെ പഗ്വാരയിലെ പ്രൊഫഷണൽ സർവകലാശാലയിൽ ബിടെക് വിദ്യാർഥിയായ ഡേവിഡ് എൻടെമി (22), ബിബിഎ വിദ്യാർഥിനി മയോഗ അറ്റ്ക ഹരുണ (22) എന്നിവരാണ് റിമാൻഡിൽ ആയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഹാജരാക്കിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. പഞ്ചാബിൽ നിന്നും പിടിയിലായ ഇരുവരെയും ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കുന്ദമംഗലം പൊലീസ് കോഴിക്കോട് എത്തിച്ചത്.
നേരത്തെ കുന്ദമംഗലത്തിന് സമീപം കാരന്തൂരിലെ വാടക കെട്ടിടത്തിൽ നിന്നും ഇബ്രാഹിം മുസമ്മിൽ (27), അഭിനവ് (24) എന്നിവരെ എം ഡി എം എയുമായി ഡാൻസാഫിൻ്റെ സഹായത്തോടെ കുന്ദമംഗലം പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും മൈസൂരിലുള്ള അജ്‌മൽ എന്നൊരാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
അജ്‌മലിനെ പിടികൂടി ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിൽ അന്താരാഷ്ട്ര ബന്ധം വെളിവാകുന്നത്. ഒരു മാസം മുൻപ് പൊലീസ് ഡൽഹിയിലും പഞ്ചാബിലും അന്വേഷണം നടത്തിയിരുന്നു. ഇരുവരെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിച്ച ശേഷം പഞ്ചാബ് പൊലീസിന്‍റെ സഹായത്തോടെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്‌തതിൽ നിന്നും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇരുവരും എന്ന് പൊലീസ് കണ്ടെത്തി. ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തെക്കുറിച്ചും അക്കൗണ്ടുകളിൽ നിന്നും മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറിയ പണത്തെക്കുറിച്ചുള്ള കൃത്യമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അതിനുവേണ്ടി നോയിഡയിൽ എത്തി വിവരങ്ങൾ ശേഖരിക്കുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. കൂടാതെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിന് റിമാൻഡിൽ ആയ ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.