ജനം ടിവിക്കും അനിൽ നമ്പ്യാർക്കുമെതിരെ പരാതിയുമായി മാധ്യമപ്രവർത്തക
അഡ്മിൻ
ജനം ടിവിക്കും അവതാരകൻ അനിൽ നമ്പ്യാർക്കും യുക്തിവാദി നേതാവുമായ കെ.ജാമിതക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി യൂട്യൂബറും ഓൺലൈൻ മാധ്യമപ്രവർത്തകയുമായ ഷഫീന ബീവി. ചാനൽ ചർച്ചയിൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. ശരിയായ അന്വേഷണം നടത്താതെ തനിക്കെതിരെ ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നു.
"പരേതനായ എന്റെ മുൻഭർത്താവ് ബംഗ്ലാദേശ് സ്വദേശിയാണ്. അത് മുൻനിർത്തി ഞാൻ ചാരവൃത്തി നടത്തുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ ബന്ധവും ഞാൻ മുസ്ലിം ആയതും മൂലം ഞാൻ സുപ്രധാന വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് അവർ ആരോപിക്കുന്നു.
ഞാൻ ഒരു മുസ്ലിം ആണെന്നതിനൊപ്പം ഒരു ഇന്ത്യൻ പൗരനും കൂടിയാണ്. എന്റെ കുടുംബത്തിന് ഈ രാജ്യത്ത് ആഴത്തിലുള്ള വേരുകൾ ഉണ്ട്. എനിക്ക് എന്റെ രാജ്യത്തെ ഒറ്റിക്കൊടുക്കേണ്ട ആവശ്യമില്ല. എന്റെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന രാജ്യസ്നേഹി ആണ് ഞാൻ," പരാതിയിൽ വ്യക്തമാക്കുന്നു. 'തത്വമയി ന്യൂസ്' ചാനലിനെതിരെയും പരാതി നൽകിയിട്ടുണ്ട്.