കെ എസ് യുവിൽ തമ്മിലടി; കെപിസിസി നേതൃത്വത്തിന് പരാതി
അഡ്മിൻ
മഹാരാജാസ് കോളേജിലെ കെഎസ്‌യുവിൻ്റെ മുൻ യൂണിറ്റ് പ്രസിഡൻ്റും കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയുമായി മുഹമ്മദ് നിയാസിനെ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ തർക്കത്തെ തുടർന്ന് മർദ്ദിച്ചുവെന്നാണ് നിയാസ് പരാതിയിൽ ആരോപിക്കുന്നു.
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് അയച്ച പരാതിയുടെ പകർപ്പ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും കെപിസിസി സംഘടനാ സെക്രട്ടറി എം ലിജുവിനും എൻഎസ്‌യു ദേശീയ അധ്യക്ഷനും എറണാകുളം ഡിസിസി പ്രസിഡൻ്റ് ഷിയാസിനും ജില്ലയിലെ കെഎസ്‌യുവിൻ്റെ ചുമതലയുള്ള നേതാവിനും കൈമാറിയിട്ടുണ്ട്.
കെഎസ്‌യു ജില്ലാ ഭാരവാഹികളായ കെ.എം. കൃഷ്ണലാൽ (ജില്ലാ പ്രസിഡന്റ്), അമർ മിഷൽ പളളച്ചി (ജില്ലാ വൈസ് പ്രസിഡന്റ്), കെവിൻ കെ. പോൾസ് (ഓർഗനൈസേഷൻ ഇൻചാർജ് ജില്ലാ ജനറൽ സെക്രട്ടറി), സഫ്വാൻ (ജില്ലാ ജനറൽ സെക്രട്ടറി), അമൽ തോമി (എറണാകുളം അസംബ്ലി കമ്മിറ്റി പ്രസിഡന്റ്) എന്നിവർക്കെതിരെയാണ് പരാതി. ഇന്നലെ മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മർദ്ദിച്ചുവെന്നാണ് ആരോപണം.
പ്രതികൾ കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റായി ഫ്രറ്റേണിറ്റി പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നയാളെ നിയമിക്കാൻ ശ്രമിച്ചതിനെതിരെ, പ്രവർത്തകരുടെ കൂടെ പിന്തുണയോട് യൂണിറ്റിലെ സീനിയർ അംഗത്തെ പ്രസിഡൻ്റാക്കാൻ തീരുമാനിച്ചു. ഇതിനെ മുൻ യൂണിറ്റ് പ്രസിഡൻ്റായ നിയാസ് പിന്തുണച്ചുവെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്.