‘സമം’ പദ്ധതിയുടെ രണ്ടാം ഘട്ടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
അഡ്മിൻ
ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിൻ കേരളത്തിൽ നടത്താൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 'മാനവസമത്വം - സാംസ്‌കാരിക മുന്നേറ്റം' എന്ന മുദ്രാവാക്യമുയർത്തി, കേരളത്തിലെ കലാലയങ്ങളിൽ ലഹരിവിരുദ്ധ കലാ സാംസ്‌കാരിക ബോധവത്കരണ പരിപാടികളും, ജില്ലാ കേന്ദ്രങ്ങളിൽ സമഭാവനയുടെ സന്ദേശം ഉയർത്തുന്ന കേരളീയ കലകളുടെ അവതരണവും 'സമം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവകരമായ പ്രശ്നം ലഹരിയാണെന്നും ലഹരി വ്യാപനം നിയമം വഴി തടയാനുള്ള ശക്തമായ നടപടികൾ ഗവൺമെന്റ് സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആയിരക്കണക്കിന് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി മുൻകൈ എടുത്തുകൊണ്ട് ലഹരിക്കെതിരെയുള്ള വലിയൊരു പ്രോജക്ട് കേരളത്തിൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. അതിനോട് ചേർന്നു നിന്നുകൊണ്ട് കേരളത്തിലെ യുവജനങ്ങൾക്കിടയിൽ, കലാലയങ്ങളിൽ, വിദ്യാർഥികൾക്കിടയിൽ, സമൂഹത്തിലെ എല്ലാ മേഖലകളിലും സാംസ്കാരിക വകുപ്പിന് എങ്ങനെ ഇടപെടാൻ കഴിയുമെന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ലഹരിമുക്ത കേരളത്തിനായി ഒരു പദ്ധതി നടപ്പിലാക്കണമെന്ന് തീരുമാനിച്ച് ഫോക്‌ലോർ അക്കാദമിയെ ചുമതലപ്പെടുത്തിയത്. ഫോക്‌ലോർ അക്കാദമി കുറഞ്ഞ സമയംകൊണ്ടുതന്നെ ആ ക്യാമ്പയിന് തുടക്കം കുറിച്ചുവെന്നത് അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ യുവജനസംഘടനകളേയും, യുവജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളെയും യോജിപ്പിച്ചുകൊണ്ട് ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിൻ കേരളത്തിൽ നടത്താൻ സർക്കാർ ലക്ഷ്യമിടുന്നു. ഗവൺമെന്റ്, അതിന്റെ ഭാഗമായി വരുന്ന ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, സാംസ്കാരിക മേഖല, എക്സൈസ്, മറ്റ് ഡിപ്പാർട്ടുമെന്റുകളേയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു ശ്രദ്ധേയമായ ക്യാമ്പയിനാണ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ലഹരിമുക്ത കേരളത്തിന്റെ ഭാഗമായി ലഹരിമുക്ത കലാലയം എന്ന ആശയം നമുക്ക് നടപ്പിലാക്കേണ്ടതുണ്ട്. കലാലയങ്ങൾ പൂർണമായും ലഹരിമുക്തമാകണമെങ്കിൽ അവിടെ ആശയസംവാദങ്ങൾക്ക് ശക്തി പകരണം. തിരഞ്ഞെടുപ്പുകൾ ഇപ്പോൾ പല കലാലയങ്ങളിലും അവസാനിച്ചു. രാഷ്ട്രീയ പ്രവർത്തനം പല കലാലയങ്ങളിലും അവസാനിച്ചു. പാഠ്യേതര വിഷയങ്ങളും കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളും പല കലാലയങ്ങളിലും ഇല്ലാതെയായി. വ്യക്തിത്വ വികസനത്തിന്റെ കേന്ദ്രങ്ങളായി കലാലയങ്ങളെ മാറ്റിത്തീർക്കാനും രാജ്യത്തിനും നാടിനും സമൂഹത്തിനും കുടുംബത്തിനും പ്രയോജനമുള്ളവരായി നമ്മുടെ കുട്ടികളെ വളർത്തിയെടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഇടങ്ങളായി കലാലയങ്ങളെ മാറ്റുന്നതിനുമായി ലഹരിമുക്ത കലാലയം എന്ന ആശയം സാംസ്കാരിക വകുപ്പ് മുന്നോട്ടുവയ്ക്കുകയാണ്.
ഈ ക്യാമ്പയിനിന്റെ ഭാഗമായി സമത്വം എന്നൊരു മുദ്രാവാക്യം കൂടി നമ്മൾ മുന്നോട്ടുവയ്ക്കുന്നു. എല്ലാ മനുഷ്യരും ഒന്നാണ് എന്ന് കാണുന്ന ആശയം നമുക്ക് കേരളത്തിൽ ശക്തിപ്പെടുത്തണം. ഇന്നലെകളിൽ ആ ആശയം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. അത് ഉണ്ടാകാൻ വേണ്ടി നവേത്ഥാന പ്രസ്ഥാനങ്ങളും നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമൊക്കെ ഒരുപാട് പങ്ക് വഹിച്ചുവെങ്കിലും നമ്മുടെ നാട് മെല്ലെ സമത്വം എന്ന ആശയത്തിൽ നിന്നും പുറകോട്ട് പോകുന്നു എന്ന ചിന്തയാണ് പലർക്കുമിന്ന് ഉണ്ടാകുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയത്തിലേക്ക് നമ്മുടെ നാടിനെ നമുക്ക് കൊണ്ടുവരാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് മാന്യതയും ഉന്നതപദവിയും കൽപ്പിക്കുന്നതിനോടൊപ്പം, സാക്ഷരത, ജനകീയാസൂത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പങ്കാളിത്തം, കുടുംബശ്രീ, ഹരിതസേന തുടങ്ങിയ ആശയങ്ങളിലൂടെ സ്ത്രീ സമൂഹത്തെ മുന്നോട്ട് കൊണ്ടുവരാൻ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ വളർച്ചയോടൊപ്പം നമ്മുടെ നാട്ടിലെ എല്ലാ മേഖലകളിലും സമത്വം ഊട്ടിയുറപ്പിക്കാൻ വേണ്ടി കഴിയണം. അതിന് പുതിയ തലമുറയാണ് ശക്തി പകരേണ്ടതും നേതൃത്വം കൊടുക്കേണ്ടതും.
പുതിയ തലമുറ ശാസ്ത്ര അവബോധത്തിന്റെയും യുക്തിബോധത്തിന്റെയും അടിസ്ഥാനത്തിലും പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലും ഈ നാടിനെ നയിക്കാനും ഒരുമിക്കേണ്ടതുണ്ട്. മാനവസമത്വം, സ്ത്രീ സമത്വം, ലഹരിമുക്തമായ സമൂഹം തുടങ്ങിയ ആശയങ്ങൾ സാംസ്കാരിക കേരളം ഉയർത്തിപ്പിടിക്കണമെന്ന് മന്ത്രി പറഞ്ഞു. മികച്ച നിലയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന ഫോക്‌ലോർ അക്കാദമിക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
ചടങ്ങിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്ന് എത്തിയ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയ സാമൂഹ്യ പ്രവർത്തകരേയും സംഘടനകളേയും കലാ സാംസ്കാരിക സാഹിത്യ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു.
കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ കോയ കാപ്പാട്, സെക്രട്ടറി എ വി അജയകുമാർ, ഭരണാസമിതി അംഗം സുരേഷ് സോമൻ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്, നാടകാചാര്യൻ സൂര്യ കൃഷ്ണാമൂർത്തി, ഗായകൻ പന്തളം ബാലൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
19-Mar-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ