കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം 50 ശതമാനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ബിസിനസ് ഉപദേശക കമ്മിറ്റി ഈയിടെ അനുമതി നല്‍കിയിരുന്നു. അടിസ്ഥാന വേതനം നാല്പത്തിനായിരത്തില്‍ നിന്ന് 80,000 ആക്കി ഉയര്‍ത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വേതനം 75000ല്‍ നിന്ന് 1,50000 രൂപയായും സ്പീക്കറുടേത് 50000ത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷവുമായും വര്‍ധിപ്പിച്ചു. നിരവധി സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ശമ്പളം വര്‍ധിപ്പിച്ചതെങ്കിലും ശമ്പള വര്‍ദ്ധനവിനെ ആരും എതിര്‍ത്തില്ല.

ബിജെപി എംഎല്‍എ അര്‍വിന്ദ് ബെല്ലറ്റ് ഉള്‍പ്പെടെ നിരവധി എംഎല്‍എമാരാണ് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ശമ്പള വര്‍ധനവ് ചര്‍ച്ച ചെയ്തിരുന്നു. ഒരു സാധാരണ മനുഷ്യനെ പോലെ തങ്ങളും ബുദ്ധിമുട്ടുകയാണെന്നും എല്ലാവര്‍ക്കും അതിജീവിക്കണമെന്നും കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി ജി പരമേശ്വര പറഞ്ഞു.

20-Mar-2025