ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡി

ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു.സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം, സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശ്ശികയുടെ പകുതി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പിന്‍വലിക്കാം. ഇതിനുള്ള ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കി ധനവകുപ്പ് ഉത്തരവിറക്കി. 2023 ലാണ് കുടിശ്ശിക പിൻവലിക്കുന്നത് ധനവകുപ്പ് തടഞ്ഞത്. 2019 ലെയും 2020ലെയും ആയി 16 ശതമാനം ഡിഎ ആണ് 2021ൽ പിഎഫിൽ ലയിപ്പിച്ചത്. 2021 ലാണ് തുക പിഎഫിൽ ലയിപ്പിക്കാനും നാലു വര്‍ഷത്തിന് ശേഷം പിന്‍വലിക്കാൻ അനുവദിച്ചും ഉത്തരവ് ഇറക്കിയത്. എന്നാൽ 2023ൽ കുടിശ്ശിക പിന്‍വലിക്കുന്നത് തടയുകയായിരുന്നു.

20-Mar-2025