ലോക സന്തോഷ സൂചികയില്‍ ഇന്ത്യക്ക് 118ആം റാങ്ക്; ഒന്നാം സ്ഥാനത്ത് ഫിന്‍ലന്‍ഡ്

വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2025 ല്‍ ഇന്ത്യക്ക് 118-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ 126 ാം റാങ്കില്‍ നിന്ന് എട്ട് റാങ്ക് മെച്ചപ്പെടുത്താന്‍ ഇന്ത്യക്കായി. ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗ് 2012 ലെ 144 ആയിരുന്നു, അതേസമയം 2022 ല്‍ ഇന്ത്യ 94 ാം റാങ്കില്‍ എത്തിയിരുന്നു. സാമൂഹിക പിന്തുണയില്‍ മികച്ച പോയന്റ് നേടിയ ഇന്ത്യ സ്വാതന്ത്ര്യത്തില്‍ പിന്നാക്കമാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ വെല്‍ബീയിംഗ് റിസര്‍ച്ച് സെന്റര്‍, യുഎന്‍ സസ്‌റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക്, സ്വതന്ത്ര എഡിറ്റോറിയല്‍ ബോര്‍ഡ് എന്നിവ സഹകരിച്ച് പുറത്തിറക്കുന്ന ആഗോള സന്തോഷ റാങ്കിംഗില്‍ ഫിന്‍ലാന്‍ഡാണ് ഇത്തവണയും ഒന്നാമത്.

വിവിധ സാമൂഹിക, ശാരീരിക, വൈകാരിക പിന്തുണാ ഘടകങ്ങളുടെ ലഭ്യത അനുസരിച്ചാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്. നിരവധി അഫ്ഗാന്‍ സ്ത്രീകള്‍ തങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമായിത്തീര്‍ന്നുവെന്ന് പറഞ്ഞതിനാല്‍ അഫ്ഗാനിസ്ഥാനാണ് 147 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. തുടര്‍ന്ന് സിയറ ലിയോണും ലെബനനും.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍, ശ്രീലങ്ക 133-ാം സ്ഥാനത്തും, ബംഗ്ലാദേശ് 134-ാം സ്ഥാനത്തും, പാകിസ്ഥാന്‍ 109-ാം സ്ഥാനത്തും, നേപ്പാള്‍ 92-ാം സ്ഥാനത്തും, ചൈന 68-ാം സ്ഥാനത്തുമാണ്.സന്തോഷത്തിനുള്ള 6 വിശദീകരണ ഘടകങ്ങള്‍ പഠനം പരിഗണിക്കുന്നു: സാമൂഹിക പിന്തുണ, പ്രതിശീര്‍ഷ ജിഡിപി, ആരോഗ്യ-ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ദയ, അഴിമതിയെക്കുറിച്ചുള്ള ധാരണ എന്നിവയാണവ.

പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍, ആദ്യ 20 സ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍, കോസ്റ്റാറിക്കയും മെക്‌സിക്കോയും ആദ്യമായി ആദ്യ പത്തില്‍ പ്രവേശിച്ചു. വര്‍ദ്ധിച്ചുവരുന്ന അസന്തുഷ്ടിയും ഏകാന്തതയും കാരണം അമേരിക്കയുടെ റാങ്ക് 24 ലേക്ക് താഴ്ന്നു. യുണൈറ്റഡ് കിംഗ്ഡവും 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന റാങ്കായ 23 ല്‍ എത്തി.

20-Mar-2025