ആശാ വർക്കർമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാർ: എ കെ ബാലൻ

സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലന്‍. പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ലെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ യുഡിഎഫ് ഇനിയും അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും എ കെ ബാലന്‍ പരിഹസിച്ചു.

കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ കേരളം നല്‍കുന്നുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്കെതിരെയും എ കെ ബാലന്‍ സംസാരിച്ചു. യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

എല്‍ഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതുകൊണ്ടാണ് യുഡിഎഫ് പിച്ചും പേയും പറയുന്നത്. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് തന്നെ പറയുന്നു. അതുകൊണ്ടാണ് ഗ്രഹണി പിടിച്ച പോലെ ഓരോന്ന് പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നൽകുമെന്നതടക്കം വാഗ്ദാനങ്ങൾ അവർക്ക് പറയാമെന്നും എ കെ ബാലന്‍ പരിഹസിച്ചു.

22-Mar-2025