ശശി തരൂരിനെ ബി.ജെ.പിയിൽ എത്തിക്കാൻ ഇനി മുൻകൈ എടുക്കുക രാജീവ് ചന്ദ്രശേഖർ
അഡ്മിൻ
രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റായതോടെ, കോൺഗ്രസ്സിൽ നിന്നും പ്രധാന നേതാക്കൾ ബി.ജെ.പിയിൽ എത്താനുള്ള സാധ്യതയും വർദ്ധിച്ചിട്ടുണ്ട്. ഇതിൽ പ്രധാനി, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ, രാജീവ് ചന്ദ്രശേഖറിൻ്റെ എതിരാളിയായിരുന്ന ശശി തരൂരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം പുകഴ്ത്തി, തൻ്റെ കാവി മനസ്സ് വെളിവാക്കിയ ശശി തരൂരിനെ , ബി.ജെ.പിയിൽ എത്തിക്കാൻ ഇനി മുൻകൈ എടുക്കുക രാജീവ് ചന്ദ്രശേഖറായിരിക്കും. ഇതിനു പുറമെ, വ്യക്തിപരമായി തന്നോട് അടുപ്പമുള്ള യു.ഡി.എഫ് എം.പിമാർ അടക്കമുള്ള നേതാക്കളെയും രാജീവ് ചന്ദ്രശേഖർ ടാർഗറ്റ് ചെയ്യുന്നുണ്ട്.
തീവ്ര ഹിന്ദുത്വ നിലപാടുകൾക്ക് പകരം, ഒരു പ്രൊഫഷണൽ ടച്ച് പാർട്ടിയിൽ കൊണ്ടുവരാനാണ്, രാജീവ് ചന്ദ്രശേഖറിൻ്റെ നിയമനത്തോടെ ബി.ജെ.പി ദേശീയ നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നത്. അദ്ദേഹത്തെ സഹായിക്കാൻ ഉതകുന്ന നിലയിലായിരിക്കും, മറ്റു സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുക. ഗ്രൂപ്പിസം പാടെ ഇല്ലാതാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. പുതു തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ, രാജീവ് ചന്ദ്രശേഖറിൻ്റെ നിയമനത്തോടെ കഴിയുമെന്നാണ്. പ്രധാനമന്ത്രി നരേന്ദ മോദി ഉൾപ്പെടെയുള്ളവർ കരുതുന്നത്.