തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുന്നത് കേന്ദ്രസർക്കാർ: മന്ത്രി എംബി രാജേഷ്

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം നൽകാനുള്ള കുടിശിക 813.97 കോടി രൂപയാണെന്ന് മന്ത്രി എം.ബി. രാജേഷ്. പ്രധാന കുടിശിക കൂലി ഇനത്തിൽ 528 കോടി രൂപ നൽകാനുണ്ട്. കേന്ദ്രത്തിൻ്റെ ഈ സമീപനമാണ് കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയെ ബാധിക്കുന്നത്. പദ്ധതിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അനാകർഷകമാക്കി ആളുകളെ അകറ്റാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത്.

15 ദിവസത്തിനകം വേതനം നൽകിയിട്ടില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്രസർക്കാരാണ്. ഇതുവരെ കേന്ദ്രം ആ തുക നൽകിയിട്ടില്ല. തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാൽ മിനിമം വേതനത്തിൽ വെള്ളം ചേർത്തത് കേന്ദ്രസർക്കാരാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് മൂലം രോഗി മരിച്ച സംഭവത്തിലും മന്ത്രി മറുപടി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ കൊണ്ട് ആരോഗ്യ മേഖലയെ ഇകഴ്ത്താൻ ശ്രമിക്കുന്നത് നിർഭാഗ്യകരവും ആത്മഹത്യാപരവുമാണ്. ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസർക്കാർ കേരളത്തെ ഒരുകാലത്തും ഇല്ലാത്ത തരത്തിൽ വിഭവങ്ങൾ നൽകാതെ വരിഞ്ഞു മുറുക്കിയ സാഹചര്യത്തിലും ആരോഗ്യ മേഖലയ്ക്ക് സർക്കാർ നൽകിയ പരിഗണന വലുതാണ്. അതാണ് ആരോഗ്യകേന്ദ്രങ്ങളുടെ മാറ്റത്തിൽ കാണുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ സജ്ജമാക്കി. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ എവിടെയും മരുന്ന് ക്ഷാമം ഇല്ല. 30 ലക്ഷം പേർ ചികിത്സാ പിഴവിൽ ലോകത്ത് മരണപ്പെടുന്നുവെന്നാണ് ലോകാരോ​ഗ്യ സംഘടന നടത്തിയ പഠനം പറയുന്നത്. കേരളത്തിൽ ഇത് .2 ശതമാനത്തിലും താഴെയാണ്.

കേരളം ഐസിയുവിൽ എന്നായിരുന്നു യുഡിഎഫ് കാലത്തെ പത്ര തലക്കെട്ട്. വെന്റിലേറ്ററിൽ പോകാതിരുന്നത് 2016-ൽ എൽഡിഎഫ് വന്നതുകൊണ്ട്. ആശുപത്രി കിടക്കയിൽ നിന്ന് ആരോഗ്യമേഖലയെ എൽഡിഎഫ് സർക്കാർ ഡിസ്ചാർജ് ചെയ്തുവെന്നും എം.ബി. രാജേഷ് പറഞ്ഞു.

24-Mar-2025